അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ ബോണി ഡൂൺ ബീച്ചിൽ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജ യുവതികൾ മരിച്ചു. ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നിവരാണ് മരിച്ചത്.
പാറക്കെട്ടിന് സമീപം വിശ്രമിക്കുകയായിരുന്ന ഇരുവരെയും അപ്രതീക്ഷിതമായി ഉയർന്ന ശക്തമായ തിരമാല കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവം കണ്ട ദൃക്സാക്ഷി വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
രക്ഷാപ്രവർത്തകർ ഇരുവരെയും കടലിൽ നിന്ന് പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. അപകടസാധ്യതയേറിയ തിരമാലകൾക്ക് പേരുകേട്ട ബീച്ചാണ് ബോണി ഡൂൺ ബീച്ചെന്ന് അധികൃതർ അറിയിച്ചു.

