കൊച്ചി: പ്രവർത്തന മികവിനും നൂതന ഗതാഗത സംവിധാനങ്ങൾക്കുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ രണ്ട് ദേശീയ പുരസ്കാരങ്ങൾ. മികച്ച മൾട്ടി മോഡൽ ഇന്റഗ്രേഷനുള്ള എക്സലൻസ് പുരസ്കാരവും നവീകരണം, സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയ്ക്കുള്ള പ്രശംസാപത്രവുമാണ് ലഭിച്ചത്.
വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ച് യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മൾട്ടി മോഡൽ ഇന്റഗ്രേഷൻ വിഭാഗത്തിലെ അംഗീകാരം. നഗരഗതാഗത മേഖലയിൽ നൂതന സാങ്കേതികവിദ്യകളും സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് രണ്ടാമത്തെ അംഗീകാരം.
ഒഡിഷയിലെ ഭുവനേശ്വറിൽ ഒക്ടോബർ 23, 24 തീയതികളിൽ നടക്കുന്ന 19-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിനോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 24ന് നടക്കുന്ന സമാപനച്ചടങ്ങിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിവിധ യാത്രാമാർഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുമുള്ള കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരമായാണ് പുരസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നത്.

