ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ വൃശ്ചികത്തിലെ ഏകാദശി ദിവസം തന്നെ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തിരക്ക് ചൂണ്ടിക്കാട്ടി ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങൾ മാറ്റാൻ കഴിയില്ലെന്നും മുൻപ് എങ്ങനെയാണോ നടത്തിയത് അതുപോലെ തന്നെ തുടരണമെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വൃശ്ചിക മാസത്തിലെ ഏകാദശി ദിവസമായ നവംബർ 21-ന് ഉദയാസ്തമന പൂജ നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാൽ, ഭക്തരുടെ തിരക്ക് വർധിക്കുമെന്ന കാരണം പറഞ്ഞ് തന്ത്രിയുടെ അനുമതിയോടെ ഉദയാസ്തമന പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റാനായിരുന്നു ഗുരുവായൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവഹിതപ്രകാരമുള്ള തന്ത്രിയുടെ നിർദേശമനുസരിച്ചാണ് മാറ്റമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ വാദം. എന്നാൽ, ബോർഡിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് തന്ത്രി കുടുംബങ്ങൾ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രിക്ക് ഉചിതമെന്ന് തോന്നുകയാണെങ്കിൽ തുലാമാസത്തിലും ഉദയാസ്തമന പൂജ നടത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷവും ഉദയാസ്തമന പൂജ വൃശ്ചിക ഏകാദശി ദിവസം നടത്താൻ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് നടപ്പാക്കിയതു വഴി എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായതായി ബോധ്യപ്പെടുത്താൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം ഭക്തർ ഏകാദശി ദിനത്തിൽ എത്തിയെന്നും, ശബരിമല മണ്ഡലകാല സീസൺ ആയതിനാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്നും ദേവസ്വം ബോർഡ് വാദിച്ചെങ്കിലും, തിരക്ക് ചൂണ്ടിക്കാട്ടി ഒരു ക്ഷേത്രത്തിലെ നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് കോടതി കർശനമായി നിരീക്ഷിച്ചു.

