അഗളി: ആറുമാസത്തെ യുഡിഎഫ് ഭരണംകൊണ്ട് അട്ടപ്പാടിയിലെ ആരോഗ്യമേഖല പൂർണമായും തകർന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അട്ടപ്പാടിയെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നയങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിലെ സ്കാനിങ് സൗകര്യം നിലച്ചതും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. അട്ടപ്പാടിയിലെ ഗർഭിണികളുടെ ആരോഗ്യപരിപാലന ചുമതലയുള്ള അഗളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനവും താറുമാറായിരിക്കുകയാണ്. അരിവാൾ രോഗികൾക്ക് ചികിത്സ നൽകിയിരുന്ന ആരോഗ്യപ്രവർത്തകരെ കൂട്ടത്തോടെ സ്ഥലംമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ ആരോഗ്യദൗത്യത്തിനു (എൻഎച്ച്എം) കീഴിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ ക്ലിനിക്കുകൾ, ലാബുകൾ, മെഡിക്കൽ യൂണിറ്റുകൾ എന്നിവ നിർത്തലാക്കിയതായും ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആംബുലൻസ് ക്ലിനിക്കുകളുടെ കരാർ പുതുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗർഭിണികൾക്കുള്ള ജനനി ജന്മരക്ഷ ധനസഹായം മാസങ്ങളായി കുടിശ്ശികയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയിരുന്ന സഹായവും അമ്മമാർക്ക് ലഭിച്ചിരുന്ന 2,000 രൂപയുടെ പ്രതിമാസ ധനസഹായവും നിലച്ചതായും പിണറായി ആരോപിച്ചു. അങ്കണവാടികളോട് ചേർന്നുള്ള സാമൂഹിക അടുക്കളകൾ അടച്ചുപൂട്ടിയതും ആദിവാസി വിദ്യാർഥികൾക്ക് പിന്തുണ നൽകിയിരുന്ന മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിൽ ശിശുമരണങ്ങൾ സംഭവിച്ച കുട്ടികളുടെ മാതാപിതാക്കളുമായും പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. മരിച്ച ഓരോ കുട്ടിയുടെയും കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ മുഴുവൻ ഗർഭിണികളുടെയും ആരോഗ്യസംരക്ഷണ ചുമതല അഗളി ഹെൽത്ത് സെന്ററിൽ ഉറപ്പാക്കണമെന്നും ആരോഗ്യസംവിധാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആരോഗ്യവകുപ്പിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനോടും പ്രത്യേക വിദഗ്ധസംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരത്തേ അട്ടപ്പാടി സന്ദർശിച്ച് മാതൃ-ശിശു ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു.

