തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് ഭരണഘടനാപരമായി ഭേദഗതി ചെയ്യുന്നതിനുള്ള കേന്ദ്ര ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് രാഷ്ട്രപതിയുടെ റഫറൻസിന്റെ (Reference) അടിസ്ഥാനത്തിൽ ഒരു ബില്ലിന് നിയമസഭ അംഗീകാരം നൽകുന്നത്.
പത്ത് വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഈ ബിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭയിൽ അവതരിപ്പിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സഭ ഏകകണ്ഠമായി പാസാക്കുന്ന ആദ്യ ബിൽ കൂടിയാണിത്.
നിലവിൽ മലയാളത്തിൽ ‘കേരളം’ എന്ന് ഉപയോഗിക്കുമ്പോഴും, കേന്ദ്ര-സംസ്ഥാന ഔദ്യോഗിക രേഖകളിൽ ഇംഗ്ലീഷിൽ ‘കേരള’ (Kerala) എന്നാണ് രേഖപ്പെടുത്തുന്നത്. ഇത് മാറ്റി എല്ലാ ഭാഷകളിലും ഔദ്യോഗിക രേഖകളിലും ‘കേരളം’ (Keralam) എന്ന് തന്നെയാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ നടപടികളുടെ ഭാഗമായാണ് ബിൽ നിയമസഭയുടെ പരിഗണനയ്ക്ക് എത്തിയത്.
പേരുമാറ്റം സംബന്ധിച്ച് മുൻപ് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രസർക്കാരിന് അയച്ചിരുന്നു. ഇതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരവും നൽകിയിരുന്നു. എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം സംസ്ഥാനങ്ങളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ബിൽ വീണ്ടും നിയമസഭയുടെ പരിഗണനയ്ക്കായി രാഷ്ട്രപതി അയച്ചത്.
നിയമസഭ അംഗീകരിച്ച ഈ ബിൽ ഇനി രാഷ്ട്രപതിക്ക് തിരിച്ചയയ്ക്കും. തുടർന്ന് രാഷ്ട്രപതിയുടെ ശുപാർശയോടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ ഔദ്യോഗികമായി ബിൽ അവതരിപ്പിച്ച് പാസാക്കും. ഇതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരികയും, എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നായി മാറുകയും ചെയ്യും.

