ധാക്ക: രാഷ്ട്രീയ സംഘർഷങ്ങളും കടുത്ത ഭാരതവിരുദ്ധ പ്രചാരണങ്ങളും നിലനിന്നിരുന്ന ബംഗ്ലാദേശിൽ നിന്നും തികച്ചും വിരോധാഭാസമായ കാഴ്ചകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യ തങ്ങളുടെ വിസ സേവനങ്ങൾ പൂർണ്ണതോതിൽ പുനരാരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ വിസയ്ക്കായി ബംഗ്ലാദേശിൽ ജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. വിസ കവാടങ്ങൾ തുറന്ന് വെറും 24 മണിക്കൂറിനുള്ളിൽ ഏകദേശം 1.4 ലക്ഷം അപേക്ഷകളാണ് ഓൺലൈൻ സിസ്റ്റത്തിലേക്ക് പ്രവഹിച്ചത്.
2024 ഓഗസ്റ്റ് 5-നുണ്ടായ രാഷ്ട്രീയ അട്ടിമറിയെയും കടുത്ത സുരക്ഷാപ്രശ്നങ്ങളെയും തുടർന്ന് ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്ന റെഗുലർ വിസ സർവീസുകളാണ് ഇപ്പോൾ പൂർണ്ണമായി പുനഃസ്ഥാപിച്ചത്. ഇതിനിടയിലുള്ള മാസങ്ങളിൽ അടിയന്തര മെഡിക്കൽ, ബിസിനസ്സ് വിസകൾ മാത്രമാണ് ഇന്ത്യ നൽകിയിരുന്നത്. ബംഗ്ലാദേശികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ടൂറിസ്റ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയതോടെയാണ് വിസ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക് (IVAC) ജനങ്ങൾ ഇരച്ചെത്തിയത്.
ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേറ്റ ദിനേഷ് ത്രിവേദി ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലുള്ള വിസ സെന്റർ സന്ദർശിച്ച വേളയിലാണ് ടൂറിസ്റ്റ് വിസകൾ ഉടനടി ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ധാക്കയ്ക്ക് പുറമെ ചിറ്റഗോങ്, രാജ്ഷാഹി, സിൽഹെറ്റ്, ഖുൽന എന്നീ പ്രധാന അഞ്ചു ഹബ്ബുകളിലും വിസ വിതരണം സജീവമായിട്ടുണ്ട്. പ്രഖ്യാപനം വന്നതിന് പിന്നാലെ തിങ്കളാഴ്ച പുലർച്ചെ മുതൽ വിസ സെന്ററുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളമാണ് ജനങ്ങളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. മെഡിക്കൽ ടൂറിസം, ഷോപ്പിംഗ്, വിനോദയാത്ര എന്നിവയ്ക്കായി ബംഗ്ലാദേശ് എത്രത്തോളം അയൽരാജ്യമായ ഇന്ത്യയെ ആശ്രയിക്കുന്നുണ്ടെന്ന് അടിവരയിടുന്നതാണ് വിസ സെന്ററുകളിലെ ഈ കാഴ്ചകൾ.

