യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ജീവിതച്ചെലവിലെ വർധന, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, അഴിമതി ആരോപണങ്ങൾ, വീടുകളുടെ വാടക വർധന എന്നിവയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അൽബേനിയയുടെ തലസ്ഥാനമായ തിരാനയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം എട്ടാം ദിവസവും തുടരുകയാണ്.
അൽബേനിയയിൽ പ്രതിഷേധക്കാർ സുപ്രീംകോടതി മന്ദിരത്തിനും ബാങ്ക് ഓഫ് അൽബേനിയയുടെ പ്രവേശന കവാടത്തിനും തീയിട്ടു. പ്രതിഷേധക്കാർക്കുനേരെ സുരക്ഷാസേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കുക, ട്യൂഷൻ ഫീസ് കുറയ്ക്കുക, അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറുമായി ബന്ധമുള്ള ആഡംബര റിസോർട്ട് പദ്ധതിക്കെതിരായ പ്രതിഷേധവും പിന്നീട് സർക്കാർവിരുദ്ധ പ്രക്ഷോഭമായി മാറി. പ്രധാനമന്ത്രി എഡി റാമ രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗ്രീസിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും തലസ്ഥാനമായ ഏഥൻസിൽ പ്രതിഷേധമാർച്ച് നടത്തി. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വർധിപ്പിക്കണമെന്നും വിദ്യാർഥികൾക്ക് താങ്ങാനാകുന്ന താമസസൗകര്യങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. മറ്റു നഗരങ്ങളിലും പ്രതിഷേധം നടന്നു.
സ്പെയിനിലും പോർച്ചുഗലിലും വാടക വർധനയ്ക്കും ഭവനപ്രതിസന്ധിക്കുമെതിരെ പ്രതിഷേധം ശക്തമാണ്. ഇറ്റലിയിൽ പ്രതിഷേധക്കാരെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. ഫ്രാൻസിൽ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്കു പിന്നാലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയതായും റിപ്പോർട്ടുണ്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക സമ്മർദവും പൊതുസേവനങ്ങളിലെ പോരായ്മകളും രാഷ്ട്രീയ അതൃപ്തിയും പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുകയാണ്.

