അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി, ഉടന്‍ ഇന്ത്യയിലെത്തും, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍

മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായിരുന്ന ബാബ സിദ്ദിഖിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും അധോലോക കുറ്റവാളിയുമായ അന്‍മോല്‍ ബിഷ്‌ണോയിയെ അമേരിക്ക നാടുകടത്തി. നിലവില്‍ ഇന്ത്യയിലേക്ക് ഇയാളെ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഡല്‍ഹിയിലെത്തും. അന്‍മോല്‍ അടക്കം ഇരുനൂറോളം ഇന്ത്യക്കാരെയാണ് ഇക്കൂടെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നത്. ഒരു വര്‍ഷമായി അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിയെ ഇന്ത്യയ്ക്കു വിട്ടു നല്‍കാന്‍ നേരത്തെ അമേരിക്ക സമ്മതിച്ചിരുന്നു. ഇന്ത്യയിലെത്തിയാലുടന്‍ ഇയാളെ നിയമനടപടികള്‍ക്കു വിധേയനാക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നായിരുന്നു ബാബാ സിദ്ദിഖി വധിക്കപ്പെടുന്നത്.

ഇയാളെ വിചാരണ നടപടികള്‍ക്കായി വിട്ടുകിട്ടുന്നതിനായി മഹാരാഷ്ട്ര പോലീസ് ശ്രമിച്ചു വരികയായിരുന്നു. അമേരിക്കയില്‍ നിന്ന് ഇയാളെ നാടുകടത്തിയതുമായി ബന്ധപ്പെട്ട് സിദ്ദിഖിയുടെ കുടുംബത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു ഇയാള്‍ അമേരിക്കയില്‍ പിടിയിലായത്. ബാബ സിദ്ദിഖിയെ വധിച്ചതിനു പുറമെ ഹിന്ദി സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിയുതിര്‍ത്ത കേസിലും ഇയാള്‍ മുഖ്യപ്രതിയാണ്. ഇരു കേസുകളിലുമായി ഇതുവരെ 26 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇനി പിടിയിലാകാനുള്ളത് അന്‍മോല്‍ ബിഷ്‌ണോയി മാത്രമാണ്. അമേരിക്കയിലിരുന്നുകൊണ്ട് മുംബൈയിലെ ഗുണ്ടാ സംഘങ്ങള്‍ മുഖേനയാണ് ഇയാള്‍ ഓപ്പറേഷനുകള്‍ നടത്തിയത്. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് അന്‍മോല്‍.

Leave a Reply

Your email address will not be published. Required fields are marked *