കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്.
2012 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ വെച്ചാണ് എം.എസ്.എഫ് നേതാവ് അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഷുക്കൂർ അടക്കമുള്ളവർ കല്ലെറിഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.

