മെൽബൺ: സംസ്ഥാന തെരഞ്ഞെടുപ്പിന് കേവലം നാല് മാസം മാത്രം ബാക്കിനിൽക്കെ, ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളെത്തുടർന്ന് ഓസ്ട്രേലിയയിലെ വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജി പ്രഖ്യാപിച്ചു. കോക്കസിൽ (Caucus) ഭൂരിപക്ഷം എം.പിമാരുടെയും പിന്തുണ നഷ്ടമായതിനെത്തുടർന്ന് 48 മണിക്കൂർ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് അവർ സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജസീന്ത അല്ലൻ താൻ സ്ഥാനമൊഴിയുന്ന കാര്യം പരസ്യമാക്കിയത്.
തിങ്കളാഴ്ച പാർട്ടിയിൽ നേതൃ വോട്ടെടുപ്പ് നേരിടുമെന്ന് വ്യക്തമാക്കിയിരുന്ന ജസീന്ത അല്ലന് പകരം ഉപപ്രീമിയർ ബെൻ കരോൾ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ രാജി പ്രഖ്യാപിച്ചുകൊണ്ട് ബെൻ കരോളിന് തൻ്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി അല്ലൻ അറിയിച്ചു. രാജി തീരുമാനത്തെക്കുറിച്ച് സംസാരിച്ച അവർ, പാർട്ടി വോട്ടെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ തനിക്ക് ജയിക്കാമായിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പ് വന്നെത്തിനിൽക്കുന്ന ഈ ഘട്ടത്തിൽ ഇത്തരം ആഭ്യന്തര പോരാട്ടങ്ങൾ പാർട്ടിയുടെ വിലപ്പെട്ട സമയവും വിഭവങ്ങളും നഷ്ടപ്പെടുത്തുമെന്നതിനാലാണ് ഒഴിയുന്നതെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച നടക്കുന്ന പാർട്ടി കോക്കസ് യോഗത്തിൽ ബെൻ കരോൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നും, സാധാരണ അംഗങ്ങൾ ഉൾപ്പെടുന്ന ആറാഴ്ചയോളം നീളുന്ന വലിയൊരു വോട്ടെടുപ്പ് പ്രക്രിയ ഒഴിവാകുമെന്നും കരുതപ്പെട്ടിരുന്നെങ്കിലും അപ്രതീക്ഷിത സംഭവവികാസങ്ങളാണ് പിന്നീട് ഉണ്ടായത്. പാർട്ടി യോഗത്തിനിടെ മുതിർന്ന നേതാവും മന്ത്രിയുമായ സോണിയ കിൽക്കെന്നിയും നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് പാർട്ടി എം.പിമാർ തമ്മിൽ രൂക്ഷമായ വാഗ്വാദവും ബഹളവും ഉണ്ടായതായി പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.
അതേസമയം, മറ്റൊരു നിർണായക തിരിവായി ഗതാഗത അടിസ്ഥാന സൗകര്യ വികസന മന്ത്രി ഗാബ്രിയേൽ വില്യംസ് ഡെപ്യൂട്ടി ലീഡർ സ്ഥാനം ഉറപ്പിച്ചു. പുതിയ നേതാവിനായുള്ള നാമനിർദ്ദേശ പ്രക്രിയ പൂർത്തിയാകുന്നത് വരെ അവർ പാർട്ടി ഇടക്കാല നേതാവായി പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃസ്ഥാനത്തേക്ക് മത്സരം ഉണ്ടാകുന്നത് പാർട്ടിക്കുള്ളിൽ ആറാഴ്ച വരെ നീളുന്ന അസ്ഥിരതയ്ക്ക് കാരണമായേക്കാം.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രീമിയർക്കെതിരെ പാർട്ടിയിൽ അമർഷം പുകയുന്നുണ്ടായിരുന്നു. മോശം പോളിംഗ് നിരക്കുകൾ, ജസീന്ത അല്ലൻ്റെ കുറഞ്ഞ ജനപ്രീതി, വൺ നാഷൻ പാർട്ടിയുടെ വർദ്ധിച്ചുവരുന്ന പിന്തുണ എന്നിവ രാജി സമ്മർദ്ദത്തിന് കാരണമായി. കൂടാതെ ‘ബിഗ് ബിൽഡ്’ പദ്ധതിയിലെ അഴിമതി ആരോപണങ്ങളും മുൻപ് ഗതാഗത അടിസ്ഥാന സൗകര്യ വികസന മന്ത്രിയായിരുന്ന അവരുടെ പ്രതിച്ഛായയെ ബാധിച്ചു. ക്രമക്കേടുകളിൽ അല്ലൻ ക്ഷമാപണം നടത്തിയെങ്കിലും കേസിൽ റോയൽ കമ്മീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളിയിരുന്നു. ഇത് റോയൽ കമ്മീഷൻ വേണമെന്ന് വാദിച്ച ഒരുവിഭാഗം എം.പിമാരെ ചൊടിപ്പിച്ചു.
നേതൃത്വത്തിലേക്ക് വരുന്ന ബെൻ കരോൾ റോയൽ കമ്മീഷൻ അന്വേഷണത്തെ പിന്തുണയ്ക്കുന്നയാളാണ്. പൊതുവിദ്യാലയ അധ്യാപകരുമായുള്ള വേതന തർക്കം പരിഹരിക്കാനും സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും വ്യവസായങ്ങളെ പിന്തുണയ്ക്കാനും തനിക്ക് കഴിയുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മുൻപ് താൻ അല്ലനെതിരെ മത്സരിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പാർട്ടിയിലെ പുതിയ സാഹചര്യങ്ങൾ അദ്ദേഹത്തെ മത്സരരംഗത്ത് എത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച പാർലമെന്റിലെത്തിയ ബെൻ കരോൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ മടിക്കുകയും സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അറിയിച്ചു. അല്ലന്റെ പ്രധാന അനുഭാവിയായ സ്റ്റീവ് ഡിമോപൗലോസ് പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി പ്രാപ്തമാണെന്ന് വ്യക്തമാക്കിയപ്പോൾ, സർക്കാരിൽ നിന്ന് ഉടൻ വിരമിക്കുന്ന മുൻ ആരോഗ്യ മന്ത്രി മേരി-ആൻ തോമസ് അല്ലൻ സംസ്ഥാനത്തെ മികച്ച നേതൃത്വത്തോടെ നയിച്ച വ്യക്തിയാണെന്ന് പ്രശംസിച്ചു. അതേസമയം കൂടുതൽ ശക്തമായ അഴിമതി വിരുദ്ധ നടപടികൾ ആവശ്യമാണെന്നും ബിഗ് ബിൽഡ് വിഷയത്തിൽ റോയൽ കമ്മീഷൻ അന്വേഷണം വേണമെന്നും പരിസ്ഥിതി മന്ത്രി എന്മർ എർഡോഗൻ അഭിപ്രായപ്പെട്ടു

