ലണ്ടൻ: ലാൻഡ് ചെയ്യാനൊരുങ്ങിയിരുന്ന യാത്രാവിമാനത്തിന് സമീപത്തുകൂടി അതിവേഗത്തിൽ അജ്ഞാത വസ്തു കടന്നുപോകുന്നതായി ദൃശ്യങ്ങളിൽ പതിഞ്ഞ സംഭവം സാമൂഹികമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. വിമാനത്തിലെ യാത്രക്കാരൻ പകർത്തിയ വീഡിയോയിലാണ് വിമാനം റൺവേയിലേക്ക് ഇറങ്ങുന്നതിനിടെ ചെറിയൊരു വസ്തു അതിവേഗത്തിൽ വിമാനത്തിന് സമീപത്തുകൂടി കടന്നുപോകുന്നതായി കാണുന്നത്.
സംഭവം നടന്നത് എവിടെയാണെന്നതും ദൃശ്യങ്ങളിൽ പതിഞ്ഞ വസ്തുവിന്റെ സ്വഭാവവും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇത് എന്താണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം ബന്ധപ്പെട്ട അധികൃതർ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, അത് യുഎഫ്ഒയോ ഡ്രോണോ പക്ഷിയോ മറ്റേതെങ്കിലും വസ്തുവോ ആകാമെന്ന തരത്തിൽ വിവിധ അനുമാനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണമോ സ്ഥിരീകരണമോ ഇതുവരെ ലഭ്യമായിട്ടില്ല.

