പിണറായിക്കെതിരായ വിജിലൻസ് അന്വേഷണം: പ്രാഥമിക പരിശോധന വേണമോയെന്നതിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ ആശയക്കുഴപ്പം. ആദ്യം വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കിൽ മാത്രം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന അഭിപ്രായം മന്ത്രിസഭയിലെ ചില അംഗങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.

കൊച്ചിയിലെ സി.എം.ആർ.എല്ലിൽനിന്ന് പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്ന ആരോപണം ഉൾപ്പെടെയുള്ള കണ്ടെത്തലുകളാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ 25 പേജുള്ള റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളും തെളിവുകളും ഉണ്ടെന്നാണ് വിവരം.

ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സർക്കാർ തേടിയിട്ടുണ്ട്. എന്നാൽ സെപ്റ്റംബർ 9 രാത്രി വരെയും നിയമോപദേശം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇ.ഡി റിപ്പോർട്ട് വിജിലൻസിന് കൈമാറുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

അതേസമയം, ഇ.ഡി റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി നേരിട്ട് കേസെടുത്ത് അന്വേഷണം നടത്താനാകുമോയെന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പിന് സംശയമുണ്ട്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി തീരുമാനിക്കുക.

ഇ.ഡി റിപ്പോർട്ട് സംസ്ഥാന പൊലീസിന് കൈമാറിയത് പിഎംഎൽഎയിലെ സെക്ഷൻ 66(2) പ്രകാരമാണ്. റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ സംസ്ഥാന ഏജൻസികൾ അതിലെ കണ്ടെത്തലുകൾ സ്വതന്ത്രമായി പരിശോധിച്ച ശേഷമാണ് എഫ്ഐആർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *