ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒന്‍പത് ഘട്ടങ്ങളെ ഭക്ത്യാദരപൂര്‍വ്വം ആരാധിക്കുന്ന വ്രതശുദ്ധിയുടെ ഒന്‍പത് ദിനരാത്രങ്ങളാണ് മഹാനവരാത്രി. അഷ്ടമിക്ക് ശേഷമുള്ള ദിവസമാണ് വിജയദശമി. ഹൈന്ദവാചാരപ്രകാരം വിദ്യാരംഭം കുറിക്കുന്നതിന് അത്യുത്തമമായ ദിവസം.
വര്‍ഷത്തില്‍ ഏതു ദിവസവും ഉചിതമായ മുഹൂര്‍ത്തത്തില്‍ കുട്ടികളെ എഴുത്തിനിരുത്താം എന്നിരിക്കെ വിജയദശമി ദിവസത്തില്‍ മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.രണ്ടു വയസ്സിനും മൂന്നു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് എഴുത്തിനിരുത്തേണ്ടത്. നാലാം വയസ്സില്‍ വിദ്യാരംഭം കുറിക്കരുതെന്നും മൂന്നാം വയസ്സില്‍ സാധിച്ചില്ലെങ്കില്‍ അഞ്ചാം വയസ്സാണ് അഭികാമ്യം എന്നും പറയപ്പെടുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വര്‍ഷം മുഴുവനും വിദ്യാരംഭം നടത്തപ്പെടുന്നുണ്ട്. പരാശക്തിയായ ദുര്‍ഗ്ഗാദേവി ക്ഷേത്രങ്ങളിലാണ് ആദ്യാക്ഷരം കുറിക്കുന്നതിന് പ്രാധാന്യം.
ഐതിഹ്യം അനുസരിച്ച് വിഡ്ഢിയായ ഒരുവനെ അറിവ് പകര്‍ന്നു കൊടുത്ത് കാളീദാസനായ, കാളിദാസമഹാകവിയാക്കി മാറ്റിയത് ഭദ്രകാളിദേവിയാണ്. വിദ്യാദേവതയായ സരസ്വതിയെ പ്രാര്‍ത്ഥിച്ചുകൊണ്ട്
‘ഓം ഹരിശ്രീ ഗണപതേ നമഃ, അവിഘ്നമസ്തു,
ശ്രീ ഗുരുഭ്യോ നമ: ‘
എന്ന മന്ത്രം എഴുതിച്ചുകൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്.
ഹരി എന്നതു ഈശ്വരനെയും ശ്രീ എന്നത് ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. ജീവിതവിജയത്തിന് ഉതകുന്ന അറിവുകള്‍ വിഘ്നങ്ങള്‍ കൂടാതെ നേടിയെടുക്കാന്‍ വിദ്യാദേവതയുടെ കടാക്ഷത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വിദ്യാരംഭം നടത്തേണ്ടത്. ഗുരു കുട്ടിയെ മടിയില്‍ ഇരുത്തി നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ഹരിശ്രീ എന്ന് എഴുതുന്നത് ഈ കുട്ടിയുടെ വാക്കുകള്‍ സ്വര്‍ണം പോലെ വിലമതിക്കുന്നതാകട്ടെ എന്ന നിശബ്ദ പ്രാര്‍ത്ഥനയുടെ പ്രതീകമാണ്. അറിവ് ഗുരുവിലൂടെ പകരുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണമാകുക എന്ന ഭാരതീയ സങ്കല്പത്തിന്റെ പ്രതിഫലനമാണ് ഇതിലൂടെ ദര്ശിക്കാനാകൂക.
അരിയിലോ ധാന്യങ്ങള്‍ നിറച്ച പാത്രത്തിലോ എഴുതിക്കുന്നത് അറിവ് ആര്ജിക്കുന്നതിനെയും പൂഴിമണലില്‍ എഴുതുന്നത് അറിവ് നിലനിര്‍ത്തുന്നതിനെയും സൂചിപ്പിക്കുന്നു.
ചൂണ്ടുവിരല്‍ അഹംഭാവത്തിന്റെ പ്രതീകമാണ്. അരിയിലോ മണലിലോ ചുണ്ടുവിരല്‍ കൊണ്ട് എഴുതുമ്പോള്‍ അഹംഭാവം വെടിഞ്ഞ്, വിനയത്തോടെ, ഗുരു കാരണവന്മാരോട് ബഹുമാനത്തോടെ ജീവിതത്തിലെ പുത്തന്‍ അറിവുകള്‍ പ്രാപിക്കാനുള്ള ആഹ്വാനമാണ് അതിലൂടെ പൂര്‍ത്തീകരിക്കുന്നത്.
രാത്രം എന്നാല്‍ അറിവ് എന്നും അര്‍ത്ഥമുണ്ട്. ജീവിതം പ്രകാശമാനമാക്കാനും, ചുറ്റുമുള്ളവര്‍ക്കും അറിവാകുന്ന വെളിച്ചം പകരാനും ഈ നവരാത്രികാലം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഏവര്‍ക്കും വിജയദശമി ആശംസകള്‍.

ബിസി തോപ്പിൽ

