സിഡ്നി: സിഡ്നിയിലെ പ്രമുഖ മിഡിൽ ഈസ്റ്റേൺ റസ്റ്റോറന്റായ ‘കെയ്റോ ടേക്ക് എവേ’യും ഇസ്രായേൽ അനുകൂല ആക്ടിവിസ്റ്റ് ഒഫീർ ബിരൻബോമും തമ്മിലുള്ള മാനനഷ്ടക്കേസിലെ രഹസ്യ ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി ഓസ്ട്രേലിയൻ ഫെഡറൽ കോടതി കണ്ടെത്തി. ‘ഡെയ്ലി ടെലിഗ്രാഫ്’ പത്രം റസ്റ്റോറന്റിനോട് മാപ്പ് പറഞ്ഞതോടെ അവസാനിച്ചുവെന്ന് കരുതിയ വിവാദമാണ് ജസ്റ്റിസ് റോബർട്ട് ബ്രോംവിച്ചിന്റെ പുതിയ വിധിയിലൂടെ വീണ്ടും ചർച്ചയായിരിക്കുന്നത്. കേസിലെ ഒത്തുതീർപ്പ് വിവരങ്ങളെക്കുറിച്ച് ‘ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകൾ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് കോടതി നിരീക്ഷിച്ചു.
സിഡ്നിയിലെ ന്യൂടൗണിലുള്ള കെയ്റോ ടേക്ക് എവേ റസ്റ്റോറന്റും ഒഫീർ ബിരൻബോമും തമ്മിലുള്ള നിയമതർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒത്തുതീർപ്പ് വ്യവസ്ഥകൾ രഹസ്യമായി സൂക്ഷിക്കാനും സംയുക്ത പ്രസ്താവന പൂർണ്ണമായി മാത്രം പ്രസിദ്ധീകരിക്കാനും ഇരുവിഭാഗവും സമ്മതിച്ചിരുന്നു. റസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില പരാമർശങ്ങൾക്കെതിരെ ബിരൻബോം ഫയൽ ചെയ്ത മാനനഷ്ടക്കേസാണ് ഇത്തരത്തിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയത്. എന്നാൽ, താൻ കേസിൽ പൂർണ്ണമായും കുറ്റവിമുക്തനാക്കപ്പെട്ടു എന്ന് ബിരൻബോം മറ്റൊരു പ്രസ്താവനയിലൂടെ അവകാശപ്പെട്ടതോടെയാണ് റസ്റ്റോറന്റ് അധികൃതർ കേസ് വീണ്ടും കോടതിയിലെത്തിച്ചത്.

