ഇറാനെതിരായ യുദ്ധമായാലും ചർച്ചകളായാലും തങ്ങൾക്ക് ഒരുപോലെയാണെന്ന മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ. അമേരിക്കയുടെ നീക്കങ്ങളെ ഭയപ്പെടുന്നില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ തയ്യാറാണെന്നുമാണ് സ്പീക്കറുടെ പ്രസ്താവനയുടെ കാതൽ.
ടെഹ്റാനിൽ പാർലമെന്റിന്റെ തുറന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ് മുഹമ്മദ് ബാഗർ ഗാലിബാഫ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുമായുള്ള സംഘർഷവും സമാധാന ചർച്ചകളിലെ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാൻ മുന്നോട്ടുവച്ച ഏഴ് ന്യായമായ വ്യവസ്ഥകൾ അമേരിക്ക അംഗീകരിച്ചാൽ കരാറിലെത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വ്യവസ്ഥകൾ അംഗീകരിക്കാതെ സംഘർഷം തുടരാനാണ് അമേരിക്ക തീരുമാനിക്കുന്നതെങ്കിൽ അതിനെയും നേരിടാൻ ഇറാൻ തയ്യാറാണെന്ന് ഗാലിബാഫ് വ്യക്തമാക്കി.
അമേരിക്ക വീണ്ടും തെറ്റായ നീക്കം നടത്തിയാൽ തുടർന്നുണ്ടാകുന്ന സംഘർഷത്തിന്റെ വ്യാപ്തിയും യുദ്ധമേഖലയുടെ അതിരുകളും ഇറാന്റെ സായുധസേന തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധമില്ല, സമാധാനവുമില്ല എന്ന അനിശ്ചിതാവസ്ഥയിൽ ഇനിയും തുടരാൻ ഇറാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾക്ക് വാതിൽ അടച്ചിട്ടില്ലെങ്കിലും രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധശേഷിയും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടാണ് ഇറാൻ നേതൃത്വം ആവർത്തിക്കുന്നത്.

