ഹാഫിസ് സഈദിനെതിരെ വിചാരണ എപ്പോൾ? ചോദ്യത്തിന് മറുപടിയില്ലാതെ ഷഹബാസ് ഷരീഫ്

ന്യൂയോർക്ക്: ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകൻ ഹാഫിസ് സഈദിനെതിരെ എപ്പോൾ വിചാരണ ആരംഭിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഐക്യരാഷ്ട്ര പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയപ്പോഴായിരുന്നു സംഭവം.

യുഎൻ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടെ, “ഭീകരരെ സംരക്ഷിക്കുന്നത് എപ്പോൾ അവസാനിപ്പിക്കും?” എന്ന ചോദ്യവും ഷഹബാസ് ഷരീഫിനോട് മാധ്യമപ്രവർത്തകർ ചോദിച്ചു. അദ്ദേഹം പ്രതികരിക്കാതെ മുന്നോട്ടുപോയി. പിന്നീട് യുഎൻ ആസ്ഥാനത്തുനിന്ന് മടങ്ങുന്നതിനിടെയും ഹാഫിസ് സഈദിനെതിരെ വിചാരണ എപ്പോൾ നടത്തുമെന്ന ചോദ്യം ഉയർന്നെങ്കിലും മറുപടി നൽകിയില്ല.

2008ലെ മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ പ്രതിയാക്കിയിട്ടുള്ളയാളാണ് ഹാഫിസ് സഈദ്. 2026 ജൂലൈയിൽ, 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സഈദിന്റെ പങ്ക് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിരുന്നു.

അതേസമയം, 26/11 മുംബൈ ഭീകരാക്രമണക്കേസിൽ സഈദ് ഉൾപ്പെടെയുള്ള ആറ് പാകിസ്ഥാൻ പൗരന്മാർക്കെതിരെ ഇന്ത്യയിൽ അവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇവർക്കുള്ള കോടതി ഉത്തരവ് കൈമാറുന്നതിനായി മുംബൈ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *