കുട്ടികൾക്ക് സ്വന്തം നാട്ടിൽ പഠിച്ച് ആഗോളതലത്തിൽ മത്സരിക്കാൻ അവസരം നൽകുന്നതിൽ എന്തിനാണ് അസഹിഷ്ണുത? – മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: സ്വയംഭരണ കോളജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ മുൻകൂർ അനുമതി (എൻഒസി) നിർബന്ധമല്ലെന്ന തീരുമാനത്തെ എതിർക്കുന്നവർക്കെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കുട്ടികൾക്ക് സ്വന്തം നാട്ടിൽ പഠിച്ച് ആഗോളതലത്തിൽ മത്സരിക്കാൻ അവസരമൊരുക്കുന്നതിൽ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് അദ്ദേഹം ചോദിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഠനത്തിനായി വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്ന സാഹചര്യം ഒഴിവാക്കി ലോകോത്തര നിലവാരത്തിലുള്ള പഠനാവസരങ്ങൾ കേരളത്തിൽത്തന്നെ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വികസനവിരുദ്ധ നിലപാടുകൾക്ക് കേരളത്തിന്റെ ഭാവി ബലികൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരേ മുൻകാലങ്ങളിൽ സമരം നടത്തിയ സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും റോജി എം. ജോൺ ആരോപിച്ചു. ‘സ്വാശ്രയം അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തി സമരം നടത്തിയവർ പിന്നീട് അധികാരത്തിലെത്തിയപ്പോൾ സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.

കൂത്തുപറമ്പ് വെടിവയ്പ്, രജനി എസ്. ആനന്ദിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ, മുൻ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസനെതിരായ ആക്രമണം എന്നിവയും മന്ത്രി തന്റെ കുറിപ്പിൽ പരാമർശിച്ചു. സാധാരണ പാർട്ടി പ്രവർത്തകരുടെ മക്കളെ സമരങ്ങളിൽ പങ്കെടുപ്പിക്കുമ്പോൾ നേതാക്കളുടെ മക്കൾ ചെലവേറിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എത്ര പ്രതിസന്ധികളുണ്ടായാലും അക്കാദമിക സ്വയംഭരണവുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ മെറിറ്റ്, സംവരണം, ഫീസ് നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

സ്വയംഭരണ എയ്ഡഡ്, സ്വാശ്രയ കോളജുകൾക്ക് പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള കോഴ്‌സുകളിൽ സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാർ മുൻകൂർ അനുമതി വേണ്ടെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്. ഈ നടപടി വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്കരണത്തിന് വഴിയൊരുക്കുമെന്നും സ്വകാര്യ കോളജ് മാനേജ്‌മെന്റുകൾക്ക് അനുകൂലമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *