തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ റോഡ് തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ താത്കാലിക ജോലി നഷ്ടമായ ഡ്രൈവർ എച്ച്.എൽ. യദുവിന് കേരള നിയമസഭയിൽ താത്കാലിക ഡ്രൈവറായി നിയമനം ലഭിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർക്ക് നൽകിയ കത്തിനുപിന്നാലെയാണ് നിയമനം നൽകിയത്.
2024 ഏപ്രിൽ 28-ന് പാളയത്ത്, ആര്യ രാജേന്ദ്രനും ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻദേവും സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസും തമ്മിലുണ്ടായ ഓവർടേക്കിംഗ് തർക്കമാണ് വലിയ വിവാദമായത്. ബസ് അപകടകരമായി ഓടിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് ആര്യ രാജേന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ് യദുവിനെതിരെ കേസെടുത്തതും പിന്നീട് കെഎസ്ആർടിസിയിലെ താത്കാലിക ജോലി നഷ്ടമായതും. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ബസ് തടഞ്ഞ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരോപിച്ച് യദുവും പരാതി നൽകിയിരുന്നു.
ആദ്യം പൊലീസ് കേസെടുക്കാതിരുന്നെങ്കിലും പിന്നീട് കോടതി ഇടപെടലിനെ തുടർന്നാണ് മേയർക്കും സച്ചിൻദേവിനുമെതിരെ കേസെടുത്തത്. പുതിയ നിയമനത്തോടെ യദു നിയമസഭയിലെ താത്കാലിക ഡ്രൈവറായി സേവനം അനുഷ്ഠിക്കും.

