പരിശോധനാ ഫലത്തിന് മൂന്നാഴ്ചത്തെ കാത്തിരിപ്പ്, ഡിഫ്തീരിയ ഭീതിയിൽ യുവേണ്ടുമു ഗ്രാമം; അടിയന്തിര സഹായം വേണമെന്ന് നാട്ടുകാർ.

ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ സാമഗ്രികളോ കൃത്യമായ വിവരങ്ങളോ ലഭിക്കാതെ വിദൂര അബോറിജിനൽ സമൂഹം കടുത്ത ദുരിതത്തിൽ. രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളിലൊന്നായ യുവേണ്ടുമു എന്ന ഗോത്രവർഗ്ഗ മേഖലയിലെ ഹെൽത്ത് ക്ലിനിക്കിൽ കൈകൾ വൃത്തിയാക്കാനുള്ള ഹാൻഡ് സാനിറ്റൈസർ പോലുമില്ലെന്നും രോഗത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരുവിധ അറിവുമില്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ഒക്ടോബർ മുതൽ രാജ്യത്ത് ഒരുകാലത്ത് പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടിരുന്ന ഈ രോഗത്തിന്റെ 240-ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നോർത്തേൺ ടെറിട്ടറി, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലൻഡ്, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദൂര തദ്ദേശീയ ജനവിഭാഗങ്ങളിലാണ് രോഗം പ്രധാനമായും പടരുന്നത്. ഇതിൽ എൻ.ടിയിലെ വലിയൊരു ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത് ആലീസ് സ്പ്രിങ്സിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള, എഴുന്നൂറോളം പേർ താമസിക്കുന്ന യുവേണ്ടുമു എന്ന ഗ്രാമത്തിലാണ്.

യുവേണ്ടുമുവിൽ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവ അൺസാനിറ്ററി (വൃത്തിഹീനമായ) അവസ്ഥയിലാണെന്ന് നാട്ടുകാർ ഗാർഡിയൻ ഓസ്‌ട്രേലിയയോട് വെളിപ്പെടുത്തി. തദ്ദേശീയ ഭാഷയായ ‘വർൾപിരി’ (Warlpiri) ഉൾപ്പെടെയുള്ള ഭാഷകളിൽ സർക്കാർ വിവരങ്ങൾ നൽകുന്നുണ്ടെന്ന് അവകാശപ്പെടു ന്നുണ്ടെങ്കിലും, രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണമോ പൊതുജനാരോഗ്യ വിവരങ്ങളോ പ്രദേശത്ത് എങ്ങും ദൃശ്യമല്ലെന്ന് പ്രദേശവാസിയായ യൂജിൻ പെൻഹാൾ പറയുന്നു. ഒരു വീട്ടിൽ പത്തോളം പേർ ഒരുമിച്ച് ജീവിക്കുന്ന അതിസാന്ദ്രതയുള്ള കോളനികളിൽ രോഗബാധിതർ ആരാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. മറ്റൊരു ചികിത്സയ്ക്കായി ക്ലിനിക്കിൽ എത്തിയപ്പോഴാണ് വാക്സിൻ എടുക്കാൻ അധികൃതർ തന്നോട് ആവശ്യപ്പെട്ടതെന്നും, കോവിഡ് പോലെയാണോ ഇതെന്നോ ഇതിൽ നിന്നും എങ്ങനെ സ്വയം രക്ഷ നേടണമെന്നോ തങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം രൂക്ഷമായതോടെ റോയൽ ഫ്ലൈയിംഗ് ഡോക്ടർ സർവീസിന്റെ വിമാനങ്ങൾ ഇപ്പോൾ ദിവസേന ഈ മേഖലയിലേക്ക് വരുന്നുണ്ടെന്ന് മറ്റൊരു പ്രദേശവാസിയായ റയാൻ വുഡ്സും സ്ഥിരീകരിച്ചു.

പരിശോധനാ ഫലം വരാൻ മൂന്നാഴ്ചയോളം വൈകുന്നതാണ് നിലവിലെ മറ്റൊരു പ്രധാന പ്രതിസന്ധി. ആലീസ് സ്പ്രിങ്സ് ആശുപത്രിയിൽ നാല് ദിവസം കൊണ്ട് ഫലം ലഭിക്കുമ്പോൾ ഇവിടെ മൂന്നാഴ്ചയോളം കാത്തിരി ക്കേണ്ടി വരുന്നുവെന്നും, ആളുകളോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും എത്ര ദിവസം തുടരണമെന്നോ ഗ്ലൗസ്, മാസ്ക് തുടങ്ങിയ പിപിഇ കിറ്റുകൾ ധരിക്കണമോ എന്നതിനെക്കുറിച്ചോ യാതൊരു ധാരണയുമില്ലെന്നും കമ്മ്യൂണിറ്റി വെൽഫെയർ ഓർഗനൈസേഷൻ കോർഡിനേറ്ററായ ജൂലി വാട്സൺ പറഞ്ഞു. ആദ്യഘട്ടത്തിൽ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ക്ലിനിക്കിൽ നിന്നും മൂടിവെച്ചതായും അവർ ആരോപിച്ചു.

ക്ലിനിക്കിൽ സാനിറ്റൈസർ ലഭ്യമല്ലെന്നതുൾപ്പെടെയുള്ള നാട്ടുകാരുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ എൻ.ടി ഹെൽത്ത് അധികൃതർ തയ്യാറായില്ല. എന്നാൽ, യുവേണ്ടുമു ഹെൽത്ത് സെന്റർ തുറന്നു പ്രവർ ത്തിക്കുന്നുണ്ടെന്നും ആർക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. തദ്ദേശീയ ആരോഗ്യ സംഘടനകളുമായി സഹകരിച്ച് വാക്സിനേഷനും കോൺടാക്ട് ട്രേസിംഗും ഊർജ്ജിതമാക്കി യിട്ടുണ്ടെന്നും അവർ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്ത് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ മാർച്ചിലാണ് എൻ.ടി സർക്കാർ ഹെൽത്ത് അലർട്ട് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ ഡാർവിൻ, കാതറിൻ, ആലീസ് സ്പ്രിങ്സ് എന്നിവിടങ്ങളിൽ പോപ്പ്-അപ്പ് വാക്സിനേഷൻ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനായി ഫെഡറൽ സർക്കാർ 7.2 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ ഇപ്പോഴും കൃത്യമായ വിവരങ്ങൾ എത്തുന്നില്ലെന്ന പരാതി ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *