സിറിയൻ തടങ്കൽപ്പാളയത്തിൽ നിന്നും തിരി ച്ചെത്തിച്ച മകൾക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തരുതെന്ന് സക്കറിയ സഹാബ്; നിയമ നടപടികൾ നേരിടണമെന്ന് സഹോദരൻ

സിഡ്നി: സിറിയൻ തടങ്കൽപ്പാളയത്തിൽ നിന്നും ഈ ആഴ്ച ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിച്ച ആറ് സ്ത്രീകളിൽ ഒരാളായ നെസ്രിൻ സഹാബിന്റെ പിതാവ് സക്കറിയ സഹാബ് ഓസ്ട്രേലിയൻ സർക്കാരിനോട് പരസ്യമായി നന്ദി രേഖപ്പെടുത്തി. തന്റെ മകൾ ഓസ്ട്രേലിയയിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2014-ൽ തന്റെ 21-ാം വയസ്സിലാണ് നെസ്രിൻ സഹാബ് തുർക്കിയിലേക്ക് പോയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് താൻ അവിടെയെത്തിയതെന്നും എന്നാൽ പിന്നീട് ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നിയന്ത്രണത്തിലുള്ള പ്രദേശത്ത് അകപ്പെടുകയായിരുന്നു എന്നുമാണ് നെസ്രിൻ വ്യക്തമാക്കുന്നത്. അവിടെ വെച്ചാണ് ഇവർ ഒരു ഐഎസ് ഭീകരനെ വിവാഹം കഴിക്കുന്നത്.

അതേസമയം, നെസ്രിൻ സഹാബിന്റെ സഹോദരൻ മുഹമ്മദ് സഹാബ് വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് പങ്കുവെച്ചത്. തങ്ങൾ സർക്കാരിലും നിയമനടപടികളിലും പൂർണ്ണമായി വിശ്വസിക്കുന്നുവെന്ന് അദ്ദേഹം നയൻ ന്യൂസിനോട് പറഞ്ഞു. തന്റെ സഹോദരിയോ തിരിച്ചെത്തിച്ച മറ്റ് സ്ത്രീകളോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അവർ നിയമത്തിന്റെ പരമാവധി ശിക്ഷയും ശക്തമായ നടപടികളും നേരിടണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വർഷങ്ങളായി സിറിയൻ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഓസ്ട്രേലിയൻ പൗരന്മാരായ സ്ത്രീകളെയും കുട്ടികളെയും തിരിച്ചെത്തിക്കുന്ന സർക്കാരിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഇവർ രാജ്യത്ത് തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *