ന്യൂഡൽഹി: പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസിന്റെ വിതരണ വിഭാഗമായ സൺ ഫാർമ ഡിസ്ട്രിബ്യൂട്ടേഴ്സ് ലിമിറ്റഡ് 11 നേത്ര മരുന്നുകൾ (Eye Drops) വിപണിയിൽ നിന്ന് സന്നദ്ധമായി പിൻവലിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിതരണം നിർത്തിവെക്കാനും നിലവിലുള്ള സ്റ്റോക്കുകൾ തിരികെ വിളിക്കാനും കമ്പനി വിതരണക്കാർക്ക് നിർദേശം നൽകിയത്.
ഡിപോപ്രെഡ് 2 എം.എൽ (Depopred 2ml), ബ്രിനോലാർ (Brinolar BKC Free), ബ്രിൻസോടിം 5 എം.എൽ (Brinzotim 5ml BKC Free), ലോട്ടെപ്രെഡ് 5 എം.എൽ (Lotepred 5ml), ലോട്ടെപ്രെഡ് 1% 5 എം.എൽ, ലോട്ടെപ്രെഡ് എൽ.എസ് 0.2% 5 എം.എൽ, ലോട്ടെപ്രെഡ് ടി (Lotepred T), നേപ്പാളാക്ട് ഒ.ഡി 3 എം.എൽ (Nepalact OD 3ml), നേപ്പാളാക്ട്-സെഡ് (Nepalact-Z), ടോബ-എഫ് (Toba-F), നേപ്പാളാക്ട് 5 എം.എൽ (Nepalact E/D 5ml) എന്നീ ബ്രാൻഡുകളാണ് വിപണിയിൽ നിന്നും പിൻവലിക്കുന്നത്.
ഈ മരുന്നുകളുടെ ബില്ലിംഗ് ഉടനടി നിർത്തിവെക്കാനും നിലവിലുള്ള മുഴുവൻ സ്റ്റോക്കുകളുടെ വിവരങ്ങൾ കൈമാറാനും ലഭ്യമായ മരുന്നുകൾ മുൻഗണനാടിസ്ഥാനത്തിൽ തിരികെ അയക്കാനും ജൂലൈ 17-ന് അയച്ച കത്തിൽ വിതരണക്കാരോട് നിർദേശിച്ചിട്ടുണ്ട്.
രോഗികളുടെ സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും മുൻഗണന നൽകുന്നതെന്നും, ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സൺ ഫാർമ വക്താവ് അറിയിച്ചു. വിപണിയിൽ ഈ മരുന്നുകളുടെ ലഭ്യത വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ഗ്ലോക്കോമ, കണ്ണിലെ അണുബാധ, തിമിര ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സ, അലർജി എന്നിവയ്ക്കായി വ്യാപകമായി നിർദേശിക്കപ്പെടുന്ന മരുന്നുകളാണ് ഇവ.

