മഴക്കെടുതി; ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫ് സംഘം കോട്ടയത്തെത്തി

കോട്ടയം: ജില്ലയിലെ മഴക്കെടുതി ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) കോട്ടയത്തെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.

തൃശൂരിൽ നിന്നുള്ള 23 അംഗ സംഘത്തെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും എറണാകുളത്തു നിന്നുള്ള 30 അംഗ സംഘത്തെ കോട്ടയം താലൂക്കിലുമാണ് വിന്യസിച്ചിരിക്കുന്നത്. തൃശൂരിൽ നിന്നുള്ള സംഘത്തിനൊപ്പം കേരള പോലീസിന്റെ റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യൂ ഫോഴ്സിലെ 20 അംഗ സംഘവുമുണ്ട്.

രണ്ടു മേഖലകളിലും ഇന്നലെ മുതൽ എൻ.ഡി.ആർ.എഫ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ ഇറഞ്ഞാൽ, ഇല്ലിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മീനച്ചിൽ താലൂക്കിൽ മണ്ണിടിച്ചിലുണ്ടായ പെരിങ്ങളം, കൈപ്പിള്ളി മേഖലകൾ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ സംഘാംഗങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

കോട്ടയം താലൂക്കിൽ ഇൻസ്പെക്ടർ ജി. സി. പ്രശാന്തും മീനച്ചിലിൽ ഇൻസ്പെക്ടർ അരുൺ ചൗഹാനുമാണ് എൻ.ഡി.ആർ.എഫ് സംഘങ്ങളെ നയിക്കുന്നത്. ഡെപ്യൂട്ടി കമാൻഡന്റ് ശങ്കരപാണ്ഡ്യന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ആകെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *