സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ; ക്വീൻസ്‌ലാന്റിൽ വൻ ഭീകരാക്രമണ ഭീഷണി ഒഴിവായി

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേന് വടക്കുള്ള മേരിബറോയിൽ പ്രാദേശിക സ്കൂളിന് നേരെ അതിശക്തമായ ആക്രമണം നടത്താൻ പദ്ധതിയിട്ട പതിമൂന്നുകാരനെ ക്വീൻസ്‌ലാന്റ് ഭീകരവിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പക്കൽ നിന്നും മാരകായുധങ്ങളും തീവ്രവാദ ആശയങ്ങൾ അടങ്ങിയ ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. ആക്രമണം നടത്താനുള്ള പദ്ധതികൾ കുട്ടി വളരെ മുന്നോട്ട് കൊണ്ടുപോയതായും വിദ്യാലയത്തിലെ കുട്ടികൾക്ക് നേരെ വൻ സുരക്ഷാ ഭീഷണിയാണ് തടഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച മേരിബറോയിലെ സാൽറ്റ്‌വാട്ടർ ക്രീക്ക് റോഡിലുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ മുഖംമൂടി ധരിച്ച് മാരകമായ വലിയ കത്തിയുമായി എത്തിയ കുട്ടി, അവിടെയുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആദ്യമായി അറസ്റ്റിലാകുന്നത്. തുടർന്ന് ഭീകരവിരുദ്ധ സ്ക്വാഡ് കുട്ടിയുടെ വീട്ടിൽ നടത്തിയ വിശദമായ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വീട്ടിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പ്രാദേശിക സ്കൂളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കൊലപാതകവും കടുത്ത ശാരീരിക ഉപദ്രവവും ഏൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യക്തമായ ആക്രമണ പദ്ധതികളുടെ തെളിവുകൾ പോലീസിന് ലഭിച്ചു.

കുട്ടിക്ക് ഏതെങ്കിലും പ്രത്യേക സംഘടനകളുമായോ പ്രത്യയശാസ്ത്രങ്ങളുമായോ ബന്ധമുള്ളതായി നിലവിൽ തെളിവില്ലെന്ന് ഭീകരവിരുദ്ധ അന്വേഷണ വിഭാഗം ആക്ടിങ് ഡിറ്റക്ടീവ് സൂപ്രണ്ട് ജേസൺ ഹിന്ദ്മാർഷ് അറിയിച്ചു. കുട്ടിക്ക് രാഷ്ട്രീയമോ മതപരമോ ആയ മറ്റ് പ്രേരണകൾ ഉണ്ടോ എന്ന് വ്യക്തമാകാൻ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കുട്ടി ഇന്റർനെറ്റ് വഴി ഓൺലൈനായി തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

വധശ്രമം അല്ലെങ്കിൽ കടുത്ത ശാരീരിക ഉപദ്രവം ഏൽപ്പിക്കാൻ പദ്ധതിയിടുക, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി അക്രമാസക്തമായ തീവ്രവാദ സാമഗ്രികൾ കൈവശം വെയ്ക്കുക, ഭീതി പരത്താൻ ആയുധവുമായി നടക്കുക, ഭീഷണിപ്പെടുത്തുക ഉൾപ്പെടെയുള്ള നിരവധി കടുത്ത കുറ്റങ്ങളാണ് 13-കാരനെതിരെ ചുമത്തിയിട്ടുള്ളത്. ബോണ്ടി ജംഗ്ഷൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ സർക്കാർ പാസാക്കിയ പുതിയ ശക്തമായ നിയമപ്രകാരമാണ് കുട്ടിക്ക് മേൽ ഭീകരവിരുദ്ധ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച മേരിബറോ ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കിയ കുട്ടിയുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്നും സ്കൂൾ അധികൃതർക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിങ് ഉൾപ്പെടെയുള്ള മാനസിക പിന്തുണ നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *