കാനഡയിൽ 17 ഇന്ത്യൻ വംശജർ അറസ്റ്റിൽ; ദക്ഷിണേഷ്യൻ വ്യാപാരികളെ ലക്ഷ്യമിട്ട് ഭീഷണിയും പിരിവും നടത്തിയെന്ന് ആരോപണം

കാനഡയിൽ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ട് പിരിവും ആക്രമണങ്ങളും നടത്തിയെന്നാരോപിച്ച് ഇന്ത്യൻ വംശജരായ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ ഫോർ ബ്രദേഴ്‌സ്’ എന്ന അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

ബ്രാംപ്ടൺ, മിസിസാഗ, കാലിഡൺ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന സംഘത്തിന് അമേരിക്കയിലെ കാലിഫോർണിയയുമായും ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ദക്ഷിണേഷ്യൻ വ്യാപാരികളെയും സമൂഹാംഗങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടുക, വെടിവെപ്പ്, തീവെപ്പ് ആക്രമണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

2025 ഡിസംബറിൽ ആരംഭിച്ച സംയുക്ത അന്വേഷണത്തിനൊടുവിൽ 2026 ഏപ്രിലിലാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കാനഡൻ പൊലീസ്, ഒൻ്റാരിയോ പ്രൊവിഷ്ണൽ പോലീസ്, കാനഡ ബോർഡർ സർവീസ് ഏജൻസി, എഫ് ബി ഐ എന്നിവ ചേർന്നായിരുന്നു അന്വേഷണം.

പ്രതികൾക്കെതിരെ ആകെ 106 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിനിടെ ആറു തോക്കുകൾ, മയക്കുമരുന്നുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ചില പ്രതികൾക്കെതിരെ കുടിയേറ്റനിയമ നടപടികളും സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ദക്ഷിണേഷ്യൻ സമൂഹത്തിനുള്ളിൽ ഈ സംഭവങ്ങൾ വലിയ ഭീതിയുണ്ടാക്കിയെന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ രാജ്യാന്തര സഹകരണം ശക്തമാക്കുമെന്നും പീൽ റീജിയണൽ പോലീസ് മേധാവി നിഷാൻ ദുരയപ്പ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *