സിഡ്നി: സിഡ്നി ഹാർബർ ബ്രിഡ്ജിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പുറത്ത് തൂങ്ങിപ്പിടിച്ച് അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നതിനിടെ (ട്രെയിൻ സർഫിംഗ്) താഴെ വീണ 17-കാരന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.30-ഓടെ വിൻയാർഡ് , മിൽസൺസ് പോയിന്റ് സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ പാതയിലാണ് അപകടമുണ്ടായത്. വടക്കോട്ട് പോവുകയായിരുന്ന തംഗാര ട്രെയിനിൽ നിന്നാണ് കുട്ടി പാളത്തിലേക്ക് വീണത്.
വിവരമറിഞ്ഞയുടൻ കെയർഫ്ലൈറ്റ് ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘം ബ്രാഡ്ഫീൽഡ് പാർക്കിലിറങ്ങുകയും പാലത്തിന് മുകളിൽ വെച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് 400 മീറ്ററോളം ദൂരം ചുമന്നാണ് രക്ഷാപ്രവർത്തകർ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. തലയ്ക്കും നെഞ്ചിനും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരനെ റോയൽ നോർത്ത് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ചതിൽ നിന്ന് ‘ബഫർ റൈഡിംഗ്’ എന്നറിയപ്പെടുന്ന രീതിയിൽ ട്രെയിനിന്റെ പുറത്ത് തൂങ്ങിപ്പിടിച്ചാണ് കുട്ടി യാത്ര ചെയ്തിരുന്നതെന്ന് വ്യക്തമായതായി പൊലീസ് ട്രാൻസ്പോർട്ട് കമാൻഡ് ഇൻസ്പെക്ടർ ലൂക്ക് ബാരറ്റ് അറിയിച്ചു. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കണ്ട് ഇത്തരം അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് അദ്ദേഹം യുവാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി.
സ്കൂൾ അവധിക്കാലത്തും വേനൽക്കാലത്തും തംഗാര ട്രെയിനുകളുടെ പിൻഭാഗത്ത് തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത് തടയുന്നതിനായി സെപ്റ്റംബർ മുതൽ ഈ ട്രെയിനുകളുടെ പിൻഭാഗത്തെ ബോഗികളിൽ യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ, ട്രെയിനുകളുടെ പുറത്ത് കയറിനിൽക്കുന്നത് തടയാനായി പ്രത്യേക ‘നോസ് കോൺ’ (Nose cone) സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കാനും അടുത്ത വർഷം അവസാനത്തോടെ എല്ലാ തംഗാര ട്രെയിനുകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ന്യൂ സൗത്ത് വെയിൽസിൽ ട്രെയിൻ സർഫിംഗിനെ തുടർന്ന് 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 2025-ൽ 600-ഓളം ട്രെയിൻ സർഫിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം അത് 150 ആയി കുറഞ്ഞിട്ടുണ്ടെന്ന് സിഡ്നി ട്രെയിൻസ് ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ജാസ് ടംബ്ലർ പറഞ്ഞു. സോഷ്യൽ മീഡിയയിലെ അഞ്ച് സെക്കൻഡ് പ്രശസ്തിക്കായി ജീവൻ പണയപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

