ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17കാരിക്ക് ഗുരുതര വൃക്കരോഗം; മെർക്കുറി സാന്നിധ്യം കണ്ടെത്തി, പൊലീസ് അന്വേഷണം

മലപ്പുറം: സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് ഓൺലൈനായി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായി പരാതി. മലപ്പുറം അരീക്കോട് സ്വദേശിനിക്കാണ് മെർക്കുറി വിഷബാധയെത്തുടർന്ന് വൃക്കകളെ ബാധിക്കുന്ന മെംബ്രനസ് നെഫ്രോപതി എന്ന രോഗം സ്ഥിരീകരിച്ചത്. സംഭവത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാമിലെ ഇൻഫ്ലുവൻസർമാരുടെ പ്രചാരണം കണ്ടാണ് പെൺകുട്ടി ക്രീം വാങ്ങിയത്. മുഖക്കുരു, കറുത്ത പാടുകൾ, പിഗ്മെന്റേഷൻ എന്നിവ മാറ്റാമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. 2025 ഓഗസ്റ്റിൽ ഉപയോഗം ആരംഭിച്ച പെൺകുട്ടി ഒരു വർഷത്തിനിടെ മൂന്ന് കുപ്പി ക്രീം വാങ്ങിയെന്നാണ് വിവരം.

തുടർച്ചയായ ഉപയോഗത്തിനിടെ രക്തസമ്മർദം പെട്ടെന്ന് താഴുക, ബോധക്ഷയം, കാലുകളിൽ നീര് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. നില വഷളായതോടെ അരീക്കോട്ടെ ആസ്റ്റർ മിംസ് മദർ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമായി ഉയർന്നതായി കണ്ടെത്തി. തുടർന്നുള്ള പരിശോധനയിലാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

ആശുപത്രി അധികൃതരുടെ വിശദീകരണമനുസരിച്ച്, ക്രീമിന്റെ സാമ്പിൾ കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ 12,500 പി.പി.എം. (1.25 ശതമാനം) മെർക്കുറി കണ്ടെത്തി. സൗന്ദര്യവർധക വസ്തുക്കളിൽ അനുവദനീയമായ പരമാവധി പരിധി ഒരു പി.പി.എം. ആണെന്നും പരിശോധനയിൽ കണ്ടെത്തിയ അളവ് അതിനേക്കാൾ വളരെ കൂടുതലാണെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. ഗൗരി എസ്. വ്യക്തമാക്കി. ചർമത്തിലൂടെ ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യാമെന്നും ഡോക്ടർ വിശദീകരിച്ചു.

ക്രീം നിർമിച്ച കമ്പനിയെ ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് പെൺകുട്ടിയുടെ ആരോപണം. കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. നിയമനടപടികൾ പരിഗണിക്കുന്നതിനാൽ ക്രീമിന്റെ പേര് കുടുംബം വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് അയക്കും. ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന തടയാൻ എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാസംഘം രൂപീകരിക്കണമെന്ന ആവശ്യവും പരിഗണനയിലാണ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നവർ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ മാത്രം വിശ്വസിച്ച് ഉൽപന്നങ്ങൾ വാങ്ങരുതെന്നും ചർമസംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരുടെ നിർദേശം തേടണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *