ഇന്ത്യയുടെ വളർച്ച തടയാൻ ചൈനയുടെ നീക്കം; പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണം ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

വാഷിങ്ടൺ: ഇന്ത്യയുടെ സാമ്പത്തിക, സൈനിക വളർച്ച നിയന്ത്രിക്കാൻ ചൈന വിവിധ മേഖലകളിൽ സമ്മർദം ചെലുത്തുന്നതായി യുഎസ് കോൺഗ്രസ് സമിതിയുടെ റിപ്പോർട്ട്. പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനു പുറമേ ഇന്ത്യയുടെ അതിർത്തികളിൽ സൈനിക സമ്മർദം ചെലുത്തുകയും നിർണായക വ്യവസായ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ശക്തമായ സൈനിക ബന്ധം ഇന്ത്യയ്ക്ക് ഒരേസമയം രണ്ട് അതിർത്തികളിൽ സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.

യുഎസ്-ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷൻ (USCC) നവംബർ 18-ന് പുറത്തിറക്കിയ 2026-ലെ വാർഷിക റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. ചൈനയുടെ മറ്റൊരു മുന്നണി: ഇന്ത്യയും ഇന്തോ-പസഫിക് മേഖലയിലെ യുഎസ് തന്ത്രത്തിന്റെ ഭാവിയും എന്ന പേരിലുള്ള പ്രത്യേക അധ്യായത്തിലാണ് ഇന്ത്യയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളുള്ളത്.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഇന്ത്യയ്ക്ക് ചൈനയുമായി മത്സരിക്കാനുള്ള സാമ്പത്തിക, സൈനിക ശേഷിയുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക സമുദ്രപാതകളിലുള്ള ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ചൈനയുടെ വ്യാപാര-ഊർജ നീക്കങ്ങൾക്കും തന്ത്രപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വളർച്ചയെ തന്ത്രപരമായ വെല്ലുവിളിയായാണ് ബെയ്ജിങ് കാണുന്നതെന്നും അതിനെ വിവിധ മേഖലകളിൽ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.

പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണം

2025 മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷത്തെ റിപ്പോർട്ട് പ്രത്യേകമായി പരാമർശിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ പാക്കിസ്ഥാൻ ചൈനയിൽനിന്ന് വാങ്ങിയ ആധുനിക ആയുധങ്ങൾ ഉപയോഗിച്ചതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ചൈനീസ് സൈനിക സാങ്കേതികവിദഗ്ധർ പാക്കിസ്ഥാനിൽ നേരിട്ടെത്തി സാങ്കേതിക സഹായം നൽകിയതായും ചൈനീസ് ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്ത അഭിമുഖം ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഘർഷത്തിനിടെ ഇന്ത്യയുടെ നിർണായക അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ നടത്താനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോർട്ടിലുണ്ട്. പാക്കിസ്ഥാന് ചൈനയുടെ സൈനികവും സാങ്കേതികവുമായ പിന്തുണ ലഭിക്കുന്നത് ഇന്ത്യയുടെ സുരക്ഷാ ആസൂത്രണത്തെ കൂടുതൽ സങ്കീർണമാക്കുന്നുവെന്നാണ് വിലയിരുത്തൽ. നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കാതെ തന്നെ ചൈനയ്ക്ക് പാക്കിസ്ഥാനെ ശക്തിപ്പെടുത്താൻ കഴിയുമെന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവത്തെ റിപ്പോർട്ട് കാണുന്നത്.

അതിർത്തിയിലും സാമ്പത്തിക മേഖലയിലും സമ്മർദം

യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന സൈനിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നത് തുടരുകയാണ്. ടിബറ്റൻ മേഖലയിൽ വിമാനത്താവളങ്ങൾ, റെയിൽവേ, റോഡുകൾ, സൈനിക നീക്കങ്ങൾക്കുള്ള മറ്റ് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിലൂടെ അതിർത്തിയിൽ വേഗത്തിൽ സൈനിക വിന്യാസം നടത്താൻ ചൈനയ്ക്ക് കഴിയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അരുണാചൽ പ്രദേശിനുമേലുള്ള ചൈനയുടെ അവകാശവാദങ്ങളും മേഖലയിലെ സൈനിക സാന്നിധ്യവും ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ചൈനയുടെ പ്രധാന ആയുധം സാമ്പത്തിക മേഖലയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഇലക്ട്രോണിക്സ് നിർമാണത്തിനാവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ സേവനവും നിയന്ത്രിക്കുന്നതും ബാറ്ററി സാങ്കേതികവിദ്യയുടെയും അപൂർവ ധാതുക്കളുടെയും കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ഇന്ത്യൻ ഔഷധനിർമാണ മേഖലയെ മത്സരത്തിൽ പിന്നോട്ടാക്കാൻ 41 ഔഷധ അസംസ്കൃത വസ്തുക്കളുടെ വില ചൈനീസ് കമ്പനികൾ 40 മുതൽ 50 ശതമാനം വരെ കുറച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കണം

ഇന്ത്യയുമായുള്ള പ്രതിരോധ, സാങ്കേതിക സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് യുഎസ് കമ്മീഷൻ നിർദേശിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നാവിക-അന്തർവാഹിനി നീക്കങ്ങൾ നിരീക്ഷിക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള വിവരകൈമാറ്റം മെച്ചപ്പെടുത്തണം. പ്രതിരോധ ഉൽപന്നങ്ങളുടെ നിർമാണം, ഔഷധമേഖലയിലെ സഹകരണം, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയ മേഖലകളിലും ബന്ധം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

അതേസമയം, ഇന്ത്യയുടെ വിദേശനയം അമേരിക്കയുമായി പൂർണമായും ചേർന്നുനിൽക്കുന്നതല്ലെന്നും സ്വന്തം തന്ത്രപരമായ സ്വയംഭരണത്തിന് ഇന്ത്യ പ്രാധാന്യം നൽകുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്മീഷന്റെ നിർദേശങ്ങൾ യുഎസ് കോൺഗ്രസിനുള്ള ശുപാർശകളാണ്; അവ നിലവിൽ അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക നയതീരുമാനങ്ങളല്ല.

Leave a Reply

Your email address will not be published. Required fields are marked *