യുഎസ് എഫ്-16 യുദ്ധവിമാനം ആക്രമിച്ചെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

ടെഹ്റാൻ: പേർഷ്യൻ ഉൾക്കടലിന് മുകളിലൂടെ പറന്ന യുഎസ് എഫ്-16 യുദ്ധവിമാനത്തെ വ്യോമപ്രതിരോധ മിസൈൽ ഉപയോഗിച്ച് ആക്രമിച്ചെന്നും വിമാനം തകരാറിലായതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നെന്നും ഇറാന്റെ അവകാശവാദം. എന്നാൽ ഇറാന്റെ വാദം പൂർണമായും വ്യാജമാണെന്ന് യുഎസ് സൈനിക ആസ്ഥാനമായ സെൻട്രൽ കമാൻഡ് (സെന്റ്കോം) വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ഇറാൻ സൈന്യത്തിന്റെ വിശദീകരണം. ഇറാനിൽ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനങ്ങൾ പേർഷ്യൻ ഉൾക്കടലിന് മുകളിലൂടെ പറന്ന യുഎസ് എഫ്-16 വിമാനം കണ്ടെത്തി നിരീക്ഷിച്ചെന്നും തുടർന്ന് മിസൈൽ വിക്ഷേപിച്ചെന്നുമാണ് അവകാശവാദം. വിമാനം ലക്ഷ്യമാക്കി തൊടുത്ത മിസൈൽ സമീപത്ത് പൊട്ടിത്തെറിച്ചതോടെ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെന്നും ദൗത്യം ഉപേക്ഷിച്ച് സമീപത്തെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറങ്ങേണ്ടിവന്നെന്നും ഇറാൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ നവംബർ 21-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ അവകാശവാദം സെന്റ്കോം നിഷേധിച്ചു. ഇറാൻ ഒരു യുഎസ് എഫ്-16 യുദ്ധവിമാനത്തെയും ആക്രമിച്ചിട്ടില്ലെന്നും മധ്യപൂർവേഷ്യയിലെ എല്ലാ യുഎസ് സൈനിക യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നും അവയുടെ സ്ഥിതിവിവരങ്ങൾ കൃത്യമായി അറിയാമെന്നും സെന്റ്കോം വ്യക്തമാക്കി. ഇറാന്റെ വാദത്തെ ‘വ്യാജം’ എന്നും അമേരിക്ക വിശേഷിപ്പിച്ചു.

അതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം യുഎസിന്റെ എംക്യു-9 റീപ്പർ ആളില്ലാ നിരീക്ഷണവിമാനം തകർത്തതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോണിനെ ലക്ഷ്യമിട്ടതെന്നാണ് ഐആർജിസിയുടെ വിശദീകരണം. എന്നാൽ ഈ അവകാശവാദത്തിനും സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അമേരിക്കയും ഇസ്രയേലും ഇറാനെതിരേ നടത്തുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ തുടരുന്നതിനിടെ പുതിയ സംഭവവും മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *