തിരുവനന്തപുരം: ബൈക്കപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച 17 വയസ്സുകാരന്റെ എട്ട് അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി ഒരു കുടുംബം. തിരുവനന്തപുരം കരമന സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ എസ്. ആർ. രുദ്രേഷിന്റെ ഹൃദയമുൾപ്പെടെയുള്ള എട്ട് അവയവങ്ങളാണ് എട്ട് പേർക്ക് പുതുജീവനേകാനായി ദാനം ചെയ്യുന്നത്.
തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസ് (ഹെലികോപ്റ്റർ) മാർഗ്ഗമാണ് ഹൃദയം എറണാകുളം ലിസി ആശുപത്രിയിലേക്ക് എത്തിക്കുന്നത്. ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43-കാരനാണ് ഹൃദയം സ്വീകരിക്കുന്നത്. രാവിലെ 9 മണിയോടെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്റർ പുറപ്പെട്ടു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ കരമന കിള്ളിപ്പാലത്തുണ്ടായ ബൈക്കപകടത്തിലാണ് രുദ്രേഷിന് ഗുരുതരമായി പരിക്കേൽക്കുന്നത്. കൂട്ടുകാരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ റോഡിലേക്ക് നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ബി. സുരേഷ് – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്.
ഹൃദയത്തിന് പുറമെ, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്ക, കരൾ, പാൻക്രിയാസ് എന്നിവ കിംസ് ആശുപത്രിയിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കുമാണ് നൽകുന്നത്. വേദനകൾക്കിടയിലും മറ്റുള്ളവർക്ക് ജീവിതം നൽകാൻ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തിന്റെ തീരുമാനം നാടിന് വലിയ മാതൃകയായി മാറി.

