തൊടുപുഴ: നഗരത്തിൽ ഗതാഗത തടസ്സവും പൊതുജനാരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ച് വ്യാപകമാകുന്ന അനധികൃത വഴിയോരക്കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച (നവംബർ 5) തൊടുപുഴ മുനിസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ സമരത്തിൽ തൊടുപുഴയിലെ മുഴുവൻ വ്യാപാരികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നും പൊതുജനങ്ങൾ ധാർമിക പിന്തുണ നൽകണമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
വൻതുക അഡ്വാൻസും ഉയർന്ന വാടകയും നൽകി, സർക്കാർ ഏജൻസികളുടെ വിവിധ ലൈസൻസുകൾ കരസ്ഥമാക്കി നിരവധിപേർക്ക് തൊഴിൽ നൽകുന്ന സ്ഥിരം വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് നഗരത്തിൽ അനധികൃത വഴിയോരക്കച്ചവടം തഴച്ചുവളരുന്നത്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പൊതുനിരത്തുകളിലും വാഹനങ്ങളിലും അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയെത്തി കച്ചവടം നടത്തുകയാണ്. നിരോധിത പ്ലാസ്റ്റിക് കവറുകളിൽ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിലക്കുറവെന്ന പേരിൽ വിറ്റഴിക്കുന്നതിനൊപ്പം മുദ്രവച്ച അളവുതൂക്ക ഉപകരണങ്ങളോ പാക്കേജ്ഡ് കമ്മോഡിറ്റീസ് ആക്ട്, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളോ ഇവർ പാലിക്കുന്നില്ല. തുറസ്സായതും പൊടിനിറഞ്ഞതുമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കൾ പോലും വിൽക്കുന്നത്.
നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങി വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ പിഴ ചുമത്തുന്ന ഉദ്യോഗസ്ഥർ, സ്ഥിരമായി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അനധികൃത വഴിയോരക്കച്ചവടക്കാർക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത്തരക്കാർക്കായി സംഘടനകൾ രൂപീകരിച്ച് നിയമത്തെയും പൗരാവകാശങ്ങളെയും വെല്ലുവിളിക്കുകയാണെന്നും അവർ ആരോപിച്ചു.
വഴിയോരക്കച്ചവടക്കാരെ പ്രത്യേക മേഖല തിരിച്ച് കുടിയിരുത്തുക, സാധാരണ കച്ചവടക്കാർക്കുള്ള എല്ലാ ലൈസൻസുകളും രജിസ്ട്രേഷനും ഇവർക്കും നിർബന്ധമാക്കുക, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുക, വാഹനങ്ങളിലുള്ള കച്ചവടങ്ങൾ പൂർണ്ണമായി നിയന്ത്രിക്കുക, റോഡുകളും നടപ്പാതകളും കയ്യേറിയുള്ള കച്ചവടങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ബിനാമി തെരുവ് കച്ചവടങ്ങൾ തടയുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിനുപുറമെ തൊടുപുഴ നഗരസഭാ പരിധിയിലെ വഴിയോരക്കച്ചവടക്കാരുടെ ഔദ്യോഗിക സർവേ പ്രസിദ്ധീകരിക്കുക, വെൻഡിങ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കെതിരെ നടപടിയെടുക്കുക, പ്രധാന കേന്ദ്രങ്ങളിലും നടപ്പാതകളിലും നോൺ വെൻഡിങ് സോണുകൾ പ്രഖ്യാപിക്കുക, ടൗൺ വെൻഡിങ് കമ്മിറ്റിയിൽ വ്യാപാരി സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക, വ്യാപാരി സംഘടനകളുമായി ചർച്ച നടത്തി നഗരത്തിന് അനുയോജ്യമായ തെരുവ് കച്ചവട നിയന്ത്രണ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു.
വാർത്താസമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ആർ. രമേശ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ തങ്കച്ചൻ കോട്ടയ്ക്കകം, പി. എസ്. മോഹൻദാസ്, ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദ്, മേഖലാ പ്രസിഡന്റ് എൻ. പി. ചാക്കോ, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി. എ. സലിം കുട്ടി, യൂണിറ്റ് സെക്രട്ടറി ജിമ്മി കുര്യൻ, മേഖലാ സെക്രട്ടറി മാർട്ടിൻ തോമസ് എന്നിവർ പങ്കെടുത്തു.

