മൂവാറ്റുപുഴയിൽ ഗോഡൗണിലെ ഓപ്പൺ ലിഫ്റ്റ് പൊട്ടിവീണ് 19-കാരൻ മരിച്ചു

മൂവാറ്റുപുഴ: ടൗണിൽ വെള്ളൂർക്കുന്നത്ത് വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ ഓപ്പൺ ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ പത്തൊൻപതുകാരൻ മരിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ തേവലത്തിൽ കൃഷ്ണൻ-സുശീല ദമ്പതികളുടെ മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ മുള്ളുംപുറം സ്റ്റോഴ്സിലെ ജീവനക്കാരനായിരുന്നു അക്ഷയ്.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ദാരുണമായ സംഭവം നടന്നത്. വെള്ളൂർക്കുന്നത്ത് മുനിസിപ്പൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കടയിലെ ജീവനക്കാരനായ അക്ഷയ്, സാധനങ്ങൾ എടുക്കാനായാണ് പുതുതായി നിർമ്മിച്ച മൂന്നുനില കെട്ടിടത്തിലെ ഗോഡൗണിലേക്ക് പോയത്. മുകൾനിലയിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഏറെനേരം കഴിഞ്ഞിട്ടും അക്ഷയ് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകൻ ചെന്നുനോക്കിയപ്പോഴാണ് താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായി പരിക്കേറ്റതാണ് മരണകാരണം. ലിഫ്റ്റ് പൊട്ടി താഴേക്ക് പതിക്കുന്നതും അക്ഷയ് തെറിച്ചുവീഴുന്നതും കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മരിച്ച അക്ഷയ്.

Leave a Reply

Your email address will not be published. Required fields are marked *