ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഒക്ടോബർ രണ്ട് മുതൽ ഷൊർണ്ണൂരിൽ

ഷൊർണ്ണൂർ: ഏഴാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഒക്ടോബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ ഷൊർണ്ണൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുമെന്ന് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനും ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നും ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള ഒമ്പത് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. തൽസമയ മത്സരങ്ങൾ, വർക്കിങ് മോഡലുകൾ, പ്രവർത്തന മാതൃകകൾ എന്നിവയ്ക്ക് പുറമേ 48 സ്കൂളുകളുടെ പ്രദർശന സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കും.

ഒക്ടോബർ മൂന്ന് ശനിയാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ. എ. തുളസി ചടങ്ങിൽ അധ്യക്ഷത വഹിക്കും. തുടർന്ന് ഒക്ടോബർ നാല് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന സമ്മേളനവും ട്രോഫി, സർട്ടിഫിക്കറ്റ് വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമ്മല, വൈസ് ചെയർമാൻ വി. കെ. അനുരാജ്, കൗൺസിലർ കെ. കൃഷ്ണകുമാർ, ഷൊർണൂർ ടി.എച്ച്.എസ്. ജനറൽ കൺവീനറും സൂപ്രണ്ടുമായ വി. ബി. കദീഷ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *