നെയ്റോബി: സ്വർഗത്തിലെത്താൻ പട്ടിണി കിടക്കണമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് അനുയായികളെയും കുട്ടികളെയും കൂട്ടമരണത്തിലേക്ക് നയിച്ച കേസിൽ വിവാദ മതപ്രഭാഷകൻ പോൾ മക്കെൻസിയും 28 അനുയായികളും കുറ്റക്കാരെന്ന് കെനിയൻ ഹൈക്കോടതി വിധിച്ചു. 190 കുട്ടികളും ഒരു മുതിർന്നയാളും ഉൾപ്പെടെ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒക്ടോബർ 19-ന് കോടതിയുടെ നിർണായക വിധി വന്നത്. പ്രതികൾക്കുള്ള ശിക്ഷ നവംബർ ആറിന് പ്രഖ്യാപിക്കും.
പോൾ മക്കെൻസി നേതൃത്വം നൽകിയ ‘ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന സംഘടനയുടെ അനുയായികളോട് ലോകാവസാനത്തിന് മുൻപ് യേശുവിനെ കാണാനും സ്വർഗത്തിലെത്താനും ഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം നൽകിയതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കുട്ടികൾക്ക് ക്രൂരമായി ഭക്ഷണം നിഷേധിക്കുകയും അവരെ മുറികളിൽ പൂട്ടിയിട്ട് ഒറ്റപ്പെടുത്തുകയും ചെയ്തതായി എട്ടുമണിക്കൂറിലേറെ നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ഡയാന കവേഡ്സ മൊച്ചാഷെ ചൂണ്ടിക്കാട്ടി. ഉപവാസത്തിൽനിന്ന് പിന്മാറാനോ കാട്ടിൽനിന്ന് രക്ഷപ്പെടാനോ ശ്രമിച്ചവരെ ബലംപ്രയോഗിച്ച് തടഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. താൻ ആരെയും നിർബന്ധിച്ച് പട്ടിണിക്കിട്ടിട്ടില്ലെന്ന മക്കെൻസിയുടെ വാദം കോടതി പൂർണ്ണമായും തള്ളി.
2023 ഏപ്രിലിൽ തെക്കുകിഴക്കൻ കെനിയയിലെ ഷക്കഹോള വനമേഖലയിൽനിന്ന് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതോടെയാണ് ലോകത്തെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വനത്തിനുള്ളിൽനിന്ന് ഇതുവരെ നാനൂറിലധികം മൃതദേഹങ്ങളാണ് അന്വേഷണ സംഘം പുറത്തെടുത്തത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം ജീർണിച്ച നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ 26 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ബാക്കി മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണ്.
മുൻ ടാക്സി ഡ്രൈവറായിരുന്ന പോൾ മക്കെൻസി, കുട്ടികളെ സ്കൂളുകളിൽ വിടുന്നതിനെയും രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നതിനെയും ശക്തമായി എതിർത്തിരുന്നതായി അനുയായികൾ മൊഴി നൽകിയിട്ടുണ്ട്. 2019-ൽ ഇയാളുടെ പള്ളി അധികൃതർ അടച്ചുപൂട്ടിയതിനെത്തുടർന്നാണ് അനുയായികളുമായി ഷക്കഹോള വനമേഖലയിലേക്ക് താവളം മാറ്റിയത്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മതസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം കെനിയയിൽ ശക്തമായിരിക്കുകയാണ്.

