വീട്ടിനുള്ളിൽ ഇടിമിന്നലേറ്റു; അമ്മയ്ക്കും അഞ്ചുവയസ്സുകാരൻ മകനും ഗുരുതര പരിക്ക്

കൊല്ലം: വീട്ടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും ഇടിമിന്നലേറ്റു. കുണ്ടറ നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. മിന്നലേറ്റതിനെത്തുടർന്ന് ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ ദേഹമാസകലവും ശ്രീദേവിയുടെ വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃമാതാവ് നന്ദിനിക്കൊപ്പം വീടിന്റെ മുൻവശത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇടിയും മിന്നലും ശക്തമായിരുന്നു. ഇതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയപ്പോഴാണ് അതിശക്തമായ ഇടിമിന്നലുണ്ടായത്. നിലവിളി കേട്ട് നന്ദിനിയും മറ്റു കുട്ടികളും അടുക്കളയിലെത്തിയപ്പോൾ ഇരുവരും തറയിൽ കിടക്കുന്നതാണ് കണ്ടത്.

ബഹളം കേട്ടെത്തിയ അയൽവാസികളുടെ സഹായത്തോടെ ഇരുവരെയും ഉടൻതന്നെ നെടുമ്പന ടി.ബി ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വയറിങ് കത്തിയമരുകയും ചെയ്തു. വീടിന്റെ ചുവരുകൾക്കും സമീപത്തെ കിണറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുൻപും ഈ പ്രദേശത്തെ മറ്റൊരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നതായി പഞ്ചായത്തംഗം നിസാമോൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *