എഐജി ജി. പൂങ്കുഴലി സിബിഐയിലേക്ക്; കേന്ദ്ര ഡെപ്യൂട്ടേഷൻ അഞ്ചു വർഷത്തേക്ക്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലി ഐപിഎസ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കാണ് (സിബിഐ) നിയമനം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഉത്തരവിറങ്ങി ഒരു മാസത്തിനകം ഇവർ സിബിഐയിൽ ചുമതലയേൽക്കണം.

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥയാണ് ജി. പൂങ്കുഴലി. കേന്ദ്ര സർവീസിലേക്ക് മാറുന്നതിന് മുന്നോടിയായി രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസിലെ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

എംഎൽഎ ആയിരുന്ന സമയത്തെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിന് പുറമെ, മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിച്ച പ്രത്യേക സംഘത്തിലും നിർണായക ചുമതല വഹിച്ച ഉദ്യോഗസ്ഥയാണ് ജി. പൂങ്കുഴലി.

Leave a Reply

Your email address will not be published. Required fields are marked *