തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിലായി. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം പുറത്തുവന്നതിനെത്തുടർന്ന് അനുരൂപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോർപ്പറേഷൻ മേയർ അറിയിച്ചു.
പെൺകുട്ടി പീഡനത്തിനിരയായ ‘ഡ്രീം’ എന്ന പേരിലുള്ള സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ നിശാന്തിന്റെ പേരിൽ വാടകക്കരാർ ഉണ്ടാക്കിയാണ് അനുരൂപ് സ്ഥാപനം നടത്തിയിരുന്നത്. മൂന്ന് മാസം മുൻപാണ് സ്പാ തുടങ്ങിയതെന്നാണ് ഇയാൾ മൊഴി നൽകിയതെങ്കിലും, നിശാന്തുമായി അനുരൂപിന് ദീർഘകാലത്തെ ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സ്പായിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം മുഴുവൻ അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. പ്രതിദിനം 25,000 രൂപ വരെ ഇത്തരത്തിൽ സ്ഥാപനത്തിൽനിന്ന് വരുമാനമായി ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

