വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനങ്ങൾക്ക് പിന്നാലെ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 106 മണിക്കൂർ കുടുങ്ങിക്കിടന്നിരുന്ന 21-കാരനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ലാ ഗ്വൈറ സംസ്ഥാനത്തിലെ കരബല്ലെഡ മേഖലയിലാണ് രക്ഷാപ്രവർത്തനം നടന്നത്.
ആറോൺ ലെവി കാന്റില്ലോ വർഗാസ് എന്ന യുവാവിനെ വെനസ്വേല, മെക്സിക്കോ, എൽ സാൽവദോർ എന്നീ രാജ്യങ്ങളിലെ രക്ഷാസംഘങ്ങളുടെ സംയുക്ത ശ്രമഫലമായാണ് പുറത്തെടുത്തത്. അതീവ ദുഷ്കരമായ സാഹചര്യങ്ങളിലായിരുന്നു രക്ഷാദൗത്യം.
വെനസ്വേലയിൽ ദിവസങ്ങൾക്കുമുമ്പ് ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനങ്ങളിൽ ആയിരത്തിലേറെ പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേരെ ഇനിയും കാണാതായതിനാൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. 106 മണിക്കൂറിന് ശേഷം യുവാവിനെ ജീവനോടെ കണ്ടെത്തിയത് ദുരന്തത്തിനിടയിലെ പ്രതീക്ഷയുടെ നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്.

