സി.ഇ.ഐ.ആർ പോർട്ടൽ വഴി ഒന്നര മാസത്തിനുള്ളിൽ കണ്ടെത്തിയത് നഷ്ടപ്പെട്ട 23 മൊബൈൽ ഫോണുകൾ

തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴി തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നഷ്ടപ്പെട്ട 23 മൊബൈൽ ഫോണുകൾ ഒന്നര മാസത്തിനുള്ളിൽ പോലീസ് കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി. ബീഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്.

പോർട്ടൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ ബോധവൽക്കരണമാണ് ഫോണുകൾ വേഗത്തിൽ കണ്ടെത്താൻ സഹായകരമായത്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകുമാറും സൈബർ സെൽ സബ് ഇൻസ്പെക്ടർ ഫീസ്റ്റോ ടി.ഡി നയിച്ച സൈബർ സെൽ ടീമും ചേർന്നാണ് അന്വേഷണം പൂർത്തിയാക്കിയത്. സിറ്റി പോലീസ് ട്രെയിനിങ് സെന്ററിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷ് ഫോണുകൾ ഉടമകൾക്ക് കൈമാറി.

ഫോൺ നഷ്ടപ്പെട്ടാൽ അത് റിങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷനും ഇന്റർനെറ്റും ഓൺ ആണെങ്കിൽ ഗൂഗിളിന്റെ ‘Find My Device’ വഴി സ്വന്തമായി കണ്ടെത്താൻ ശ്രമിക്കാമെന്ന് പോലീസ് അറിയിച്ചു. ഫോൺ സ്വിച്ച് ഓഫ് ആവുകയോ ലൊക്കേഷൻ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ceir.gov.in എന്ന ഔദ്യോഗിക പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം. ഇതിനായി നഷ്ടപ്പെട്ട നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുത്ത് 24 മണിക്കൂറിനു ശേഷം എസ്.എം.എസ് സേവനം സജീവമാക്കുകയും, പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ രസീത് നമ്പർ കൈവശം കരുതുകയും വേണം. ഇവ ഉപയോഗിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഫോൺ കണ്ടെത്തുന്ന മുറയ്ക്ക് ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെട്ട് ഫോൺ തിരികെ വാങ്ങാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *