ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

കാൻബറ: ഓസ്‌ട്രേലിയൻ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളിൽ നിന്നും സബ്‌സിഡികളിൽ നിന്നും വ്യാജ രേഖകൾ ചമച്ച് 235 മില്യൺ ഡോളർ (ഏകദേശം 1,280 കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ അഞ്ച് പേർക്കെതിരെ അധികൃതർ കുറ്റം ചുമത്തി. രാജ്യവ്യാപകമായി നടത്തിയ വൻ പരിശോധനകൾക്കൊടുവിലാണ് തട്ടിപ്പ് ശൃംഖലയെ ഫെഡറൽ ഏജൻസികൾ വലയിലാക്കിയത്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ‘ഫ്രോഡ് ഫ്യൂഷൻ ടാസ്‌ക് ഫോഴ്‌സ്’ ആണ് ‘ഓപ്പറേഷൻ ഇന്റഗ്രിറ്റി ഫ്യൂഷൻ’ എന്ന പേരിൽ ഈ അന്വേഷണവും നടപടികളും ഏകോപിപ്പിച്ചത്.

അഡ്‌ലെയ്ഡ്, സെൻട്രൽ കോസ്റ്റ്, മെൽബൺ, ക്വീൻസ്‌ലാൻഡ്, സിഡ്‌നി എന്നിവിടങ്ങളിലായി 26 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. പരിശോധനയിൽ 44 ഡിജിറ്റൽ ഉപകരണങ്ങളും 28 ടെറാബൈറ്റിലധികം ഡാറ്റ അടങ്ങിയ 37 ക്ലൗഡ് അക്കൗണ്ടുകളും പിടിച്ചെടുത്തു. കൂടാതെ 1,20,000 ഡോളർ പണമായും, 15,000 ഡോളറിന്റെ വെള്ളി ബിസ്‌ക്കറ്റുകളും, 11,000 ഡോളറിന്റെ സ്വർണ്ണ നാണയങ്ങളും, 60,000 ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും സുപ്രധാന രേഖകളും അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് , വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ് , ദേശീയ ഭിന്നശേഷി ഇൻഷുറൻസ് ഏജൻസി , സർവീസസ് ഓസ്‌ട്രേലിയ എന്നീ നാല് പ്രധാന സർക്കാർ ഏജൻസികളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ഏഴ് പ്രത്യേക അന്വേഷണങ്ങളിലൂടെയാണ് 235 മില്യൺ ഡോളറിന്റെ സാമ്പത്തിക തിരിമറി കണ്ടെത്തിയത്. വ്യക്തിഗത വിവരങ്ങളും സർക്കാർ രേഖകളും അനധികൃതമായി ചോർത്തിയെടുത്ത സംഘം, പൂർണ്ണമായോ ഭാഗികമായോ നൽകാത്ത സേവനങ്ങളുടെ പേരിൽ വ്യാജ ക്ലെയിമുകൾ സമർപ്പിച്ച് സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും തട്ടിയെടുക്കുകയായിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തോളം നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് ദൗത്യം പൂർത്തിയാക്കിയത്. 108 പോലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിൽ നിന്നുള്ള 156 ഉദ്യോഗസ്ഥരും ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലെ പോലീസും ഓപ്പറേഷന്റെ ഭാഗമായി.

നികുതിദായകരുടെ പണം അപഹരിക്കുന്നതിനൊപ്പം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ഇത്തരം തട്ടിപ്പുകളെ ശക്തമായി നേരിടുമെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (എ.എഫ്.പി) ആക്ടിംഗ് സൂപ്പർഇന്റൻഡന്റ് സ്റ്റീഫൻ റേപ്പർ വ്യക്തമാക്കി. അർഹരായ കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള ചൈൽഡ് കെയർ സബ്‌സിഡിയും, മുൻ സൈനികരുടെ ക്ഷേമത്തിനുള്ള ഫണ്ടും, ഭിന്നശേഷിക്കാർക്കുള്ള സഹായങ്ങളും തട്ടിയെടുക്കുന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും വ്യക്തമാക്കി. ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളും ‘മൈഗോവ്’അക്കൗണ്ടുകളും തട്ടിയെടുത്ത് നടത്തുന്ന ഇത്തരം വ്യാജ ഇടപാടുകൾക്കെതിരെ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *