ടോക്കിയോ: കിഴക്കൻ ജപ്പാനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 37 പേർക്ക് പരുക്കേറ്റു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ പ്രാഥമിക കണക്കുപ്രകാരം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തെക്കൻ ഇബാറാക്കി പ്രവിശ്യയിലായിരുന്നു. ഏകദേശം 70 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ടോക്കിയോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂചലനം ശക്തമായി അനുഭവപ്പെട്ടു. ടോക്കിയോയിൽ 15 പേരും സൈതാമയിൽ ഒൻപത് പേരും കനഗാവയിൽ എട്ട് പേരും ചിബയിൽ നാലുപേരും ഇബാറാക്കിയിൽ ഒരാളുമാണ് പരുക്കേറ്റത്. ഭൂരിഭാഗം പേർക്കും വീഴുകയോ ഫർണിച്ചറുകളിലും വാതിലുകളിലും ഇടിക്കുകയോ ചെയ്താണ് പരുക്കേറ്റത്. യൊക്കോഹാമയിൽ 80 വയസ്സുള്ള ഒരു സ്ത്രീ കട്ടിലിൽനിന്ന് വീണ് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് ചില എക്സ്പ്രസ് ട്രെയിൻ സർവീസുകൾക്കും പ്രാദേശിക ട്രെയിനുകൾക്കും താൽക്കാലികമായി തടസ്സമുണ്ടായി. ടോക്കിയോയിലെ കൊട്ടോ വാർഡിൽ ഭൂഗർഭ ജലപൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ടുണ്ടായെങ്കിലും പൈപ്പ് പിന്നീട് അറ്റകുറ്റപ്പണി ചെയ്തു. ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ തുടർന്നു.
ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ആണവനിലയങ്ങളിലും അസാധാരണമായ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിൽ മറ്റൊരു മിതമായ ഭൂചലനത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

