തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ച് കേരള മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ ചെല്ലാൻ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു. ദീർഘകാലമായി പിഴ അടയ്ക്കാതെ കിടക്കുന്ന വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി.
നിബന്ധനകൾക്ക് വിധേയമായി അർഹമായ ചെല്ലാനുകൾക്ക് കുടിശ്ശികയുള്ള തുകയുടെ പകുതി മാത്രം അടച്ച് ബാധ്യതകൾ പൂർണ്ണമായും തീർപ്പാക്കാൻ ഇതിലൂടെ അവസരം ലഭിക്കും. 2026 നവംബർ 1 മുതൽ 2027 ജനുവരി 31 വരെയാണ് പദ്ധതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (services.mvd.kerala.gov.in) ഓൺലൈനായി ചെല്ലാൻ വിവരങ്ങൾ പരിശോധിച്ച് തുക അടയ്ക്കാവുന്നതാണെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04862 225564 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

