ഇടുക്കി: മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി (സെന്റർ ഓഫ് എക്സലൻസ്) ഉയർത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. കെ.എൽ.ഡി. ബോർഡ് മാട്ടുപ്പെട്ടിയിൽ സ്ഥാപിക്കുന്ന ‘സെന്റർ ഫോർ അഡ്വാൻസ്മെന്റ് ഇൻ ലൈവ്സ്റ്റോക്ക് പ്രൊഡക്ടിവിറ്റി ആൻഡ് റിസർച്ചി’ന്റെ തറക്കല്ലിടലും വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവേഷണം, നൂതന സാങ്കേതികവിദ്യ, പരിശീലനം, ആധുനിക പ്രജനന പ്രവർത്തനങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് കേന്ദ്രത്തെ വികസിപ്പിക്കുന്നത്. അന്താരാഷ്ട്ര ഗവേഷക വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനൊപ്പം പുതിയ സംരംഭങ്ങളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ടൂറിസ്റ്റുകളെ കൂടി ആകർഷിക്കുന്ന വിധത്തിൽ കേന്ദ്രം മാറ്റിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനകം സംസ്ഥാനത്തെ പ്രതിദിന പാൽ ഉത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഒ.പി.യു/ഐ.വി.എഫ്/ഇ.ടി സാങ്കേതികവിദ്യകളുടെ സംസ്ഥാനതല വിപുലീകരണ സമർപ്പണം, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, കെ.എൽ.ഡി.ബി ഫാം സോഫ്റ്റ്വെയർ ലോഞ്ചിംഗ്, മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധർക്കും വനിതാ സ്വകാര്യ എ.ഐ. സാങ്കേതിക വിദഗ്ധർക്കുമുള്ള ആദരം എന്നിവയും നടന്നു.

മാട്ടുപ്പെട്ടി ഇൻഡോ-സ്വിസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശരണ്യ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം സി. നെൽസൺ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കെ.എൽ.ഡി. ബോർഡ് എം.ഡി. ഡോ. ആർ. രാജീവ്, എൻ.ഐ.ടി അസോസിയേറ്റ് പ്രൊഫസർ ഡോ. ചിത്ര, കെ.എൽ.ഡി.ബി മാട്ടുപ്പെട്ടി മാനേജർ ഡോ. കേശവദാസ് വി.പി, സി.പി. മാത്യു, മലയാലപ്പുഴ ജ്യോതിഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

