ഇടുക്കി: ചിന്നക്കനാൽ വില്ലേജിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്കും മരണങ്ങൾക്കും പരിഹാരം കാണുന്നതിനായി ആനയിറങ്കൽ ഡാമിന്റെ ബഫർ സോണിലെ കെ.എസ്.ഇ.ബി ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി ആരംഭിച്ചു. പ്രദേശത്തെ അനധികൃത കൈയേറ്റങ്ങളും നിർമ്മാണങ്ങളും ഒഴിപ്പിക്കുന്നതിനായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ ജില്ലാ കളക്ടർ നിയോഗിച്ചു. മൂന്നാർ ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒഴിപ്പിക്കൽ നടപടികൾ ഉടനടി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദ്ദേശിച്ചു.
ബഫർ സോൺ പ്രദേശങ്ങളിൽ നിർമ്മിച്ചിട്ടുള്ള അനധികൃത വേലികൾ, മതിലുകൾ, കെട്ടിടങ്ങൾ, സൗരവേലികൾ, മറ്റ് നിർമ്മിതികൾ, അനധികൃത കൃഷികൾ എന്നിവ നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ച് സമിതിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. അതേസമയം, സർക്കാർ കാലാകാലങ്ങളിൽ പട്ടയം നൽകിയിട്ടുള്ള ഭൂമിയിലെ അതിർത്തികളോ, മതിലുകളോ, വേലിക്കെട്ടുകളോ, നിർമ്മിതികളോ യാതൊരു കാരണവശാലും നീക്കം ചെയ്യാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയുടെ വിശദവിവരങ്ങൾ, കണ്ടുകെട്ടിയ വസ്തുക്കൾ, നീക്കം ചെയ്ത വേലിക്കെട്ടുകളുടെ നീളവും തൂക്കവും, നടപടികളുടെ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ദിവസവും ദേവികുളം സബ് കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. കൂടാതെ, അനധികൃത നിർമ്മാണങ്ങളും കൃഷികളും ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയിൽ സ്വാഭാവിക സസ്യാവരണം വളരുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കാനുള്ള തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ കൈക്കൊള്ളണമെന്നും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

