തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13 രാവിലെ 7 മണി മുതൽ 17 രാവിലെ 7 മണിവരെയുള്ള കാലയളവിലായിരുന്നു സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ്; 710 കേസുകൾ. തിരുവനന്തപുരം റൂറലിൽ 497-ഉം കോട്ടയത്ത് 456-ഉം കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർഗോഡ് ജില്ലയിലാണ്; 75 കേസുകൾ.
ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിർദ്ദേശപ്രകാരം സോൺ ഐ.ജിമാർ, റെയ്ഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുടെ മേൽനോട്ടത്തിൽ വിവിധ യൂണിറ്റുകളെ ഏകോപിപ്പിച്ചായിരുന്നു പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുണ്ടെന്നും വരും ദിവസങ്ങളിലും വാഹന പരിശോധന കർശനമായി തുടരുമെന്നും എ.ഡി.ജി.പി അറിയിച്ചു.

