മുളന്തുരുത്തി: അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, മുളന്തുരുത്തി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, സുസ്ഥിര ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എമർജൻസി റെസ്പോൺസ് ടീം (ഇ.ആർ.ടി) അംഗങ്ങൾക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മഞ്ജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയിൽ സാധ്യതയുള്ള വിവിധ ദുരന്തങ്ങളെ മുൻനിർത്തി വെള്ളപ്പൊക്കം, ഇടിമിന്നൽ തുടങ്ങിയ അപകടസാഹചര്യങ്ങളെ നേരിടാനുള്ള മുൻകരുതലുകളും തീപ്പിടിത്തം, പൊള്ളൽ എന്നിവയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട അടിയന്തര പ്രാഥമിക നടപടികളും പരിശീലനത്തിൽ വിശദീകരിച്ചു. ദുരന്തസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി ഇടപെട്ട് രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും പ്രാദേശികതലത്തിലുള്ള ഇ.ആർ.ടി ടീമുകളുടെ സന്നദ്ധത ഉറപ്പാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മുളന്തുരുത്തി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. രാജേഷ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഒ.എ. മണി, ജോയൽ കെ. ജോയി, രഞ്ജി കുര്യൻ കൊള്ളിനാൽ, മറിയാമ്മ ബെന്നി, രേണുക സാബു, ഇന്ദുലേഖ മണി, ധന്യ പുരുഷോത്തമൻ, സുജാത ബാബു, അപർണ ബാബു, ജോർജ് മാണി, അംബിക പങ്കജാക്ഷൻ, ബിനോയ് ഹരിദാസ്, സുസ്ഥിര ഫൗണ്ടേഷൻ കൊച്ചി ഡിവിഷൻ പ്രോഗ്രാം മാനേജർ ആഗ്നസ് മറിയ, എസ്.സി പ്രൊമോട്ടർ ലാൽ സി.വൈ എന്നിവർ പങ്കെടുത്തു.

