വരാപ്പുഴ ബഡ്സ് സ്കൂളിന് പുതിയ ബസ്; താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു

വരാപ്പുഴ: വരാപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് സി.എസ്.ആർ (CSR) ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ പുതിയ സ്കൂൾ ബസിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കുള്ള സ്വീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായി സ്കൂളിലെത്തിച്ചേരാൻ പുതിയ വാഹനം വലിയ ആശ്വാസമാകുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. സഹായം നൽകിയ വീഗാലാൻഡ് ഡെവലപ്പേഴ്സിന് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടിയതായും അദ്ദേഹത്തിന്റെ ഒരു ആരാധകനെന്ന നിലയിൽ പരിപാടിയിൽ ഒപ്പം പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് മനു ഫ്രാൻസിസ്, ഏഷ്യൻ ഗെയിംസ് ടെക്നിക്കൽ ഒഫീഷ്യൽ ജോർജ്ജ് ഷിൻഡെ, കേരള ചലച്ചിത്ര അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട നടൻ ധർമ്മജൻ ബോൾഗാട്ടി എന്നിവരെ ആദരിക്കുകയും പ്രതിഭകളായ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് മേഴ്സി ജോണി സ്വാഗതം ആശംസിച്ചു. ഹാരിസ് ബീരാൻ എം.പി, വടക്കൻ പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്ട്, വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് ജനറൽ മാനേജർ ഗിരി എസ്. നായർ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ദീപക് ജി, വരാപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാജൻ ചക്യത്ത്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സജീവ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി. പോളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജെ. ജോമോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ എ.എക്സ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.എം. റെജീന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.ജി. വിനോദ് കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *