സംസ്ഥാനത്തെ സ്പാകളിൽ പോലീസിന്റെ മിന്നൽ പരിശോധന; 14 കേസുകൾ, 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളിൽ പോലീസ് നടത്തിയ വ്യാപക മിന്നൽ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 14 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. വിവിധയിടങ്ങളിലായി 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന 821 സ്ഥാപനങ്ങളിൽ 586 സ്പാകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിർദേശപ്രകാരം “ഓപ്പറേഷൻ സ്പാ” എന്ന പേരിലായിരുന്നു പരിശോധന.

പരിശോധനയിൽ ഏറ്റവും കൂടുതൽ നടപടികൾ ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെയുള്ള 87 കേന്ദ്രങ്ങളിൽ 70 എണ്ണത്തിലും റെയ്ഡ് നടത്തി. കോഴിക്കോട് സിറ്റിയിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലയിൽ 78 കേന്ദ്രങ്ങളിൽ 71 എണ്ണത്തിലും തൃശ്ശൂർ സിറ്റിയിൽ 58-ൽ 56 എണ്ണത്തിലും പാലക്കാട് 71-ൽ 55 സ്ഥാപനങ്ങളിലും പോലീസ് പരിശോധന നടത്തി.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്ന് കേസുകൾ വീതവും എറണാകുളം റൂറലിൽ രണ്ട് കേസുകളും കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 44 സ്പാകൾക്ക് അധികൃതർ നോട്ടീസ് നൽകി. വരും ദിവസങ്ങളിലും നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *