നടിയെ ആക്രമിച്ച് കേസ് ; സിനിമാ നടന്‍ ദിലീപ് കുറ്റവിമുക്തന്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ടു. കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. ശിക്ഷാവിധി 12 ന് പറയും. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു

എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം (വടിവാള്‍ സലീം), പ്രദീപ് എന്നീ പ്രതികളാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. 2017 ഫെബ്രുവരി 17 ന് അങ്കമാലിയില്‍ വച്ച വാഹനത്തില്‍ അതിക്രമിച്ചു കയറി നടിയെ പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന കേസില്‍ എട്ടു വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.

കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലും വിചാരണ നീണ്ടുപോകാന്‍ കാരണമായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.

261 സാക്ഷികള്‍; 833 രേഖകള്‍പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയത്.

2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഷൂട്ടിങ്ങിനു ശേഷം തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഒരുസംഘം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തുകയും അതിക്രമിച്ചുകയറി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

നടന്‍ ദിലീപ് ഉള്‍പ്പെടെ കേസില്‍ 10 പ്രതികള്‍. ദിലീപ് എട്ടാം പ്രതിയാണ്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി. 2017 ജൂലൈ 10ന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി 11 ആലുവ സബ്ജയിലില്‍ അടച്ചു. ഒക്ടോബര്‍ 3ന് ഉപാധികളോടെ ജാമ്യം. 2018 മാര്‍ച്ച് എട്ടിന് സാക്ഷി വിസ്താരം തുടങ്ങി. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി.നാടകീയമായ ഒരുപാട് സംഭവ വികാസങ്ങള്‍ക്ക് വിരമാമിട്ടുകൊണ്ടാണ് നടന്‍ ദിലീപ് കുറ്റവിമുക്തനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *