ബ്രിസ്ബേൻ: സ്ത്രീകളുടെ മുഖം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളിൽ കൂട്ടിച്ചേർത്ത് വ്യാജ പോസ്റ്ററുകളുണ്ടാക്കി പൊതുസ്ഥലങ്ങളിൽ പതിപ്പിച്ച 52-കാരനെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ക്വീൻസ്‌ലാൻഡിലെ ക്ലീവ്‌ലാൻഡ് സ്വദേശിയായ പ്രതിക്കെതിരെ 43 ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.
2021 ഫെബ്രുവരി മുതൽ സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലാൻഡിലെ വിവിധ പൊതു ശൗചാലയങ്ങളിലും മറ്റും ഇത്തരത്തിലുള്ള വ്യാജ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരകളാക്കപ്പെട്ട യഥാർത്ഥ സ്ത്രീകളുടെ പേര്, ജോലിസ്ഥലം, സോഷ്യൽ മീഡിയ വിവരങ്ങൾ എന്നിവ നൽകിയാണ് ഇയാൾ പോസ്റ്ററുകൾ നിർമ്മിച്ചിരുന്നത്. കഴിഞ്ഞ മെയ് 26-ന് ഗാട്ടനിലെ (Gatton) പൊതുസ്ഥലത്ത് ഇത്തരം പോസ്റ്റർ കണ്ടെത്തിയതോടെയാണ് ഇപ്‌സ്‌വിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (Ipswich CIB) അന്വേഷണം ഊർജ്ജിതമാക്കിയത്.
തുടർന്ന് ജൂലൈ 22-ന് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രിന്ററുകൾ, വ്യാജ പോസ്റ്ററുകൾ, മൂന്ന് തോക്കുകൾ, ടേസർ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. 40-നും 60-നും ഇടയിൽ പ്രായമുള്ള എട്ട് സ്ത്രീകളാണ് നിലവിൽ ഇരകളായിട്ടുള്ളത്.
സംഭവത്തെ തുടർന്ന് എ.ഐ ഉപയോഗിച്ചുള്ള വ്യാജ അശ്ലീല ചിത്ര നിർമ്മാണം തടയാൻ ക്വീൻസ്‌ലാൻഡ് സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുകയാണ്. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ ഉടൻ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ (Crimestoppers) വിവരമറിയിക്കണമെന്ന് പോലീസ് നിർദേശിച്ചു. പ്രതിയെ ഓഗസ്റ്റ് 19-ന് ബ്രിസ്ബേൻ കോടതിയിൽ ഹാജരാക്കും.

