സിഡ്നി: രോഗികളുടെ രഹസ്യവിവരങ്ങൾ അനധികൃതമായി ഡൗൺലോഡ് ചെയ്ത സംഭവത്തിൽ നോർത്തേൺ സിഡ്നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റിലെ 59 കാരനായ മുതിർന്ന രജിസ്റ്റേർഡ് നഴ്സിനെ സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു. സ്ട്രൈക്ക് ഫോഴ്സ് സിവിക് നടത്തിയ തിരച്ചിലിനൊടുവിൽ ഫ്രഞ്ച്സ് ഫോറസ്റ്റിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. എന്തിനാണ് ഈ വിവരങ്ങൾ ചോർത്തിയത് എന്നതുസംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ജൂലൈ 22 ബുധനാഴ്ചയാണ് രോഗികളുടെ വിവരങ്ങൾ ജീവനക്കാരൻ ചോർത്തുന്നതായി NSW Health പോലീസിന് സൂചന നൽകിയത്. തുടർന്ന് ജൂലൈ 23 വ്യാഴാഴ്ച രാത്രി ഫ്രഞ്ച്സ് ഫോറസ്റ്റിലെ വീട്ടിൽ റെയ്ഡ് നടത്തുകയും രോഗികളുടെ വിവരങ്ങൾ അടങ്ങിയ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
മാൻലി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിക്കെതിരെ കമ്പ്യൂട്ടറിലെ നിയന്ത്രിത വിവരങ്ങൾ അനധികൃതമായി ആക്സസ് ചെയ്തതിന് കേസെടുത്തു. കർശന ഉപാധികളോടെ ജാമ്യം ലഭിച്ച ഇയാളെ ഓഗസ്റ്റ് 19-ന് മാൻലി ലോക്കൽ കോടതിയിൽ ഹാജരാക്കും. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി വരികയാണെന്നും വിവരങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും സൈബർ ക്രൈം സ്ക്വാഡ് കമാൻഡർ അറിയിച്ചു.

